ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ഇതിനായി ഒരു വോട്ടർ പട്ടിക കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ ചേർന്നാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രികയിലൂടെ ഉന്നമനം ലക്ഷ്യമിടുന്ന വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടന പത്രിക കൈമാറി.
മൂന്ന് കോടി സ്ത്രീകൾക്ക് ലക്ഷം രൂപ വരുമാനം ഉറപ്പാക്കുമെന്നും ലഖ്പതി ദീദി പദ്ധതിയിലൂടെ ഒരു കോടി ആളുകൾക്ക് നിലവിൽ ഈ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും പ്രകടനപത്രികയിൽ പറയുന്നു. കാർഷിക മേഖലയിൽ ഉള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. ഗ്ലോബൽ മാനുഫാക്ചറിങ് ഹബ് ആയി രാജ്യത്തെ മാറ്റും. യുവാക്കൾ, ദരിദ്രർ, കർഷകർ, സ്ത്രീകൾ എന്നിവരെ ശക്തരാക്കാൻ ഉള്ള പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.
കൂടാതെ ലോകമാകെ രാമായണ ഉത്സവം സംഘടിപ്പിക്കും. അയോധ്യയിൽ കൂടുതൽ വികസനം ഉറപ്പാക്കും. കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ച് വെയ്റ്റിങ് ലിസ്റ്റ് ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കും. വടക്ക് – തെക്ക് ബുള്ളറ്റ് ട്രെയിൻ കോറിഡോർ സംബന്ധിച്ച് സാധ്യതാ പഠനം നടത്തും. 6 ജി സങ്കേതിക വിദ്യ വികസിപ്പിക്കും. സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി തുടരും. കൂടുതൽ ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കും. 70 ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആയുഷ്മൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ഉണ്ട്.
വൈദ്യുതി ബിൽ പൂജ്യമാക്കാൻ ശ്രമിക്കും. വൈദ്യുതിയിലൂടെ വരുമാനം ഉറപ്പാക്കാൻ ശ്രമിക്കും. മുദ്ര യോജന ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കും. പ്രധാന മന്ത്രി ആവാസ് യോജനയിലൂടെ മൂന്ന് കോടി വീടുകൾ കൂടി നിർമ്മിക്കും. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കും. 70 ന് മുകളിൽ ഉള്ള എല്ലാവർക്കും ആയുഷ്മൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കും. തുടങ്ങിവയാണ് മറ്റ് വാഗ്ദാനങ്ങൾ.
ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പാക്കാൻ യുസിസി അനിവാര്യമാണെന്നും ബിജെപിയുടെ പ്രകടനപത്രികയിൽ പറയുന്നു. 10 വർഷം കൊണ്ട് ബിജെപി നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കിയെന്നും നരേന്ദ്ര മോദി പറഞ്ഞു.
BJP releases manifesto ‘Sankalp Patra’.
Discussion about this post