ഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണം നടപ്പാക്കാനാണു ബിജെപിയുടെ നീക്കമെന്ന് ആരോപിച്ച് ഡൽഹി മന്ത്രി അതിഷി. രാഷ്ട്രപതി ഭരണം നടപ്പാക്കുന്നത് ജനങ്ങളുടെ താല്പര്യത്തിന് എതിരായിട്ടാണെന്നും നിയമവിരുദ്ധമാണെന്നും അതിഷി പറഞ്ഞു.
അതേസമയം അതിഷിയുടെ വാദത്തെ പ്രതിരോധിച്ച് ബിജെപി ഡൽഹി യൂണിറ്റ് അധ്യക്ഷൻ വീരേന്ദ്ര സച്ച് ദേവ് രംഗത്തെത്തി. തെറ്റായ കാര്യങ്ങളാണ് അതിഷി പറയുന്നതെന്നും ഓപ്പറേഷൻ താമര എന്ന എഎപിയുടെ പഴയ വാദം അവസാനിപ്പിച്ച് രാഷ്ട്രപതി ഭരണം എന്ന പുതിയ വാദം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘എഎപി സർക്കാരിനെ താഴെയിറക്കുന്നതിന് വേണ്ടി നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് കേജ്‌രിവാളിന്റെ അറസ്റ്റ്. ഡൽഹിയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ രാഷ്ട്രപതി ഭരണം നടപ്പാക്കുമെന്നു ചില വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നും ഞങ്ങൾക്ക് അറിയാൻ സാധിച്ചിട്ടുണ്ട്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 2015ലും 2020ലും ബിജെപിയെ എഎപി പരാജയപ്പെടുത്തിയിരുന്നു. സർക്കാരിനെ താഴെയിറക്കാൻ അവർ ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്’’ അതിഷി കൂട്ടിച്ചേർത്തു. എന്നാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന ഭയം എഎപിയെ പിടികൂടിയിരിക്കുകയാണെന്ന് സച്ചിദേവ് ആരോപിച്ചു.
Discussion about this post