താൻ ജയിച്ചാൽ സുൽത്താൻ ബത്തേരി ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ ടി സിദ്ദിഖ്. പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ലന്നും മോദി വിചാരിച്ചാലും വയനാട്ടിൽ അത് വിലപ്പോകില്ല എന്നും ടി സിദ്ദിഖ് പറഞ്ഞു. ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രൻ നടത്തുന്നതെന്നും സിദ്ദിഖ് വിമർശിച്ചു.
സുൽത്താൻ ബത്തേരിയുടെ യഥാർത്ഥ പേര് ഗണപതിവട്ടം എന്നാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. അക്രമിയുടെ പേരിൽ ഒരു സ്ഥലം എന്തിനാണ് അറിയപ്പെടുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ടിപ്പുസുൽത്താൻ കൊള്ളക്കാരൻ, ക്ഷേത്രങ്ങൾ അക്രമിച്ച, ഹിന്ദുക്കളെ മതം മാറ്റിയ ആളാണ്. വയനാട്ടുകാർക്കും കേരളീയർക്കും ടിപ്പു സുൽത്താനുമായി യാതൊരു ബന്ധവും ഇല്ലന്നും കെ സുരേന്ദ്രൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലം സ്ഥാനാർത്ഥിയാണ് സുരേന്ദ്രൻ.
ബ്രിട്ടീഷുകാരാണ് ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുൽത്താൻ ബത്തേരി ആക്കി മാറ്റിയത്. സുൽത്താന്റെ ആയുധപ്പുര എന്നർത്ഥം വരുന്ന സുൽത്താൻ ബാറ്ററി പിന്നീട് സുൽത്താൻ ബത്തേരി ആയതാണ്. റിപ്ലബിക് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം സുരേന്ദ്രൻ നടത്തിയത്. താൻ എംപിയായാൽ ആദ്യ പരിഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കും എന്നായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം.
രാഹുൽ ഗാന്ധി യാതൊരു വികസനവും വയനാട്ടിൽ കൊണ്ടുവന്നിട്ടില്ല. താൻ വയനാട്ടിൽ ജയിക്കില്ലെങ്കിൽ എന്തിനാ എൻ്റെ പുറകെ വിവാദവുമായി വരുന്നത്. ടി സിദ്ദിഖിന് വയനാട്ടിലെ സാഹചര്യം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post