നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ജഡ്ജിക്കെതിരെ ഗുരുതര ആരോപണം

നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ ഹൈക്കോടതി ജഡ്ജി കൗസർ എടപ്പഗത്തിനെതിരെ ​ഗുരുതര ആരോപണം. പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ജസ്റ്റിസ് പേഴ്സണൽ കസ്റ്റഡിയിൽ വെച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ജസ്റ്റിസ് കൗസർ എടപ്പഗത്ത് പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡും പെൻഡ്രൈവും ഒരു വർഷത്തിലേറെ നിയമ വിരുദ്ധമായി കസ്റ്റഡിയിൽ വെച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. മെമ്മറി കാർഡ് സീൽ ചെയ്ത കവറിൽ സൂഷിക്കണമെന്നാണ് നിയമം എന്നിരിക്കെയാണ് ജഡ്ജിന്റെ
ഭാ​ഗത്തുനിന്ന് തന്നെ ​ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. കോടതി ജീവനക്കാരുടെ മൊഴിയിൽ ജസ്റ്റിസിനെതിരെ ഗുരുതര പരാമർശമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹന്റേയും പ്രോപ്പർട്ടി ക്ലാർക്ക് ജിഷാദിന്റേതുമാണ് മൊഴി.

മഹേഷ് നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചത് ജസ്റ്റിസ്സിന്റെ നിർദ്ദേശ പ്രകാരമെന്നും കണ്ടെത്തി. സ്വന്തം മൊബൈൽ ഫോണിലാണ് മഹേഷ് മെമ്മറി കാർഡ് നിയമവിരുദ്ധമായി ഉപയോഗിച്ചത്. 2018 ഡിസംബർ 13ന് രാത്രി 10.58ന് വീട്ടിൽ വെച്ചാണ് മഹേഷ് മെമ്മറി കാർഡ് ഉപയോഗിച്ചത്. മെമ്മറി കാർഡ് പരിശോധിച്ച മൈക്രോമാക്സ് ഫോൺ നഷ്ടമായെന്ന് മഹേഷ് മൊഴി നൽകുകയും ചെയ്തു.

അതേസമയം, അന്വേഷണത്തിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിശദീകരണം തേടിയില്ലെന്ന് വിമർശനം ഉയർന്നു വരുകയാണ്. ജഡ്ജ് ഹണി എം വർഗ്ഗീസ് ആണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.

Exit mobile version