കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി. പത്തനംതിട്ടയിൽ താൻ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വിജയിക്കുമെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും എ കെ ആന്റണി പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ മക്കൾ മോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നത് വിരോധാഭാസമല്ല മറിച്ച് തെറ്റ് തന്നെയാണ്. അനിൽ ആന്റണിയുടെയും പദ്മജയുടെയും ബിജെപി പ്രവേശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു പ്രതികരണം. പത്തനംതിട്ടയിൽ അനിൽ ആന്റണിയാണ് എൻഡിഎ സ്ഥാനാർത്ഥി.
മുഖ്യമന്ത്രി പിണറായി വിജയനെ ആന്റണി രൂക്ഷമായ വിമർശിക്കുകയും ചെയ്തു. ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് പിണറായി വിജയന്റെ പൂർവികന്മാർ. ചരിത്രത്തെ മറന്നു മുന്നോട്ടുപോയാൽ ജനങ്ങൾ മാപ്പു നൽകില്ല. കേരളത്തിൽ അരിയാഹാരം കഴിക്കുന്ന മലയാളികൾ മുഖ്യമന്ത്രിയുടെ പാർട്ടിയെ ഏപ്രിൽ 26ന് തള്ളിക്കളയും. ഈസ്റ്ററിനും വിഷവിനും മലയാളികൾ പട്ടിണിയിലാണ്. മലയോര ജനതയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് ഇപ്പോൾ. കേരളത്തിൽ മാത്രമേ കാടുകൾ ഉള്ളോ. മറ്റു സംസ്ഥാനങ്ങളിൽ വന്യജീവി ആക്രമണം കേൾക്കാൻ ഇല്ലല്ലോ. മലയോര കർഷകർ എവിടെയെങ്കിലും ഓടി പോകട്ടെ എന്ന ദുഷ്ടലാക്ക് സർക്കാരിന് ഉണ്ടോ എന്ന് സംശയം ഉണ്ടെന്നും ആന്റണി വിമർശിച്ചു.
കേരളത്തിൽ ജീവിച്ചിട്ട് കാര്യമില്ല എന്ന് യുവാക്കൾ ഇപ്പോൾ ചിന്തിക്കുന്നു. ചെറുപ്പക്കാരുടെ ഒഴുക്ക് വിദേശത്തേക്ക് ഉണ്ടായിട്ട് മുഖ്യമന്ത്രി എന്ത് ചെയ്യുന്നു എന്നും ആന്റണി ചോദിച്ചു. കേരളം അന്യ സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന ഇടമായി മാത്രം മാറിയേക്കും. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തടിക്കുന്നു. ഇടതുപക്ഷത്തിന് തുടർഭരണം നൽകിയതാണ് ഏറ്റവും വലിയ ദുരന്തമെന്നും എ കെ ആന്റണി അഭിപ്രായപ്പെട്ടു. മോദി പിണറായി സർക്കാരുകൾക്കെതിരായ വിധിയാകണം തിരഞ്ഞെടുപ്പ് ഫലം എന്നും എ കെ ആന്റണി പറഞ്ഞു.
Discussion about this post