‘ഒഴിവ് പറയരുത്’, നിക്ഷേപകർ ആവശ്യപ്പെടുമ്പോൾ ബാങ്ക് പണം നൽകണം: ഹൈക്കോടതി

കൊച്ചി: നിക്ഷേപകർ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നൽകാൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ബാങ്ക് നഷ്ടത്തിലായതോടെ കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപങ്ങൾ പോലും മടക്കിക്കിട്ടുന്നില്ലെന്ന പാലാ കിഴതടിയൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിനെതിരായ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപകരുടെ പണം തിരികെ നൽകാൻ കഴിഞ്ഞില്ലെങ്കിൽ സാഹചര്യം വളരെ മോശമാകും. ഒരു ബാങ്കിന് ഇളവ് അനുവദിച്ചാൽ അത് ഭാവിയിൽ എല്ലാ നിക്ഷേപകരെയും ബാധിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്‌ക്ക് വെല്ലുവിളിയാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ഹർജി ഏപ്രിൽ 11ലേക്ക് മാറ്റി. ഇത് ഒറ്റപ്പെട്ട വിഷയമല്ലെന്നും സഹകരണ മേഖലയെ മൊത്തത്തിൽ ബാധിക്കുന്നതാണെന്നും കോടതി വിലയിരുത്തി. ദശാബ്ദങ്ങളായി സിപിഎം ഭരിക്കുന്ന കിഴതടിയൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‌റ് ഉൾപ്പെടെയുള്ള ഭാരവാഹികൾ വൻ തുക വായ്പയെടുത്ത് കുടിശിക വരുത്തിയതോടെയാണ് നഷ്ടത്തിലായത്. ഇതോടെ കൂടുതൽ നിക്‌ഷേപകർ പണം പിൻവലിക്കാനെത്തി.

എന്നാൽ നിക്ഷേപം തിരികെ നൽകാനാവാത്ത സ്ഥിതി വന്നു. നഷ്ടത്തിലായതോടെ ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങൾ പൂട്ടി. ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനാവാത്ത സ്ഥിതിയുമാണ്. ജീവനക്കാരെല്ലാം സിപിഎം പ്രവർത്തകരോ കുടുംബാംഗങ്ങളോ ആയതിനാൽ ശമ്പളം ലഭിക്കാത്തിന്റെ പേരിൽ പരാതി ഉയരുന്നില്ല. അടുത്തിടെ ഏതാനും ഈടുവസ്തുക്കൾ ലേലം ചെയ്താണ് തൽക്കാലം പിടിച്ചു നിൽക്കുന്നത്.

 

Exit mobile version