ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ സി വിജിൽ മൊബൈൽ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 1,07,202 പരാതികളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഇവയിൽ അന്വേഷണത്തിൽ ശരിയെന്ന് കണ്ടെത്തിയ 1,05,356 പരാതികളിൽ നടപടി എടുത്തു. 183 പരാതികളിൽ നടപടി പുരോഗമിക്കുന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച മാർച്ച് 16 മുതൽ ഏപ്രിൽ 7 വരെയുള്ള കണക്കാണിത്. അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകൾ, സ്ഥാപിച്ച ബാനറുകൾ, ബോർഡുകൾ, ചുവരെഴുത്തുകൾ, നിർബന്ധിത വിവരങ്ങൾ രേഖപ്പെടുത്താത്ത പോസ്റ്ററുകൾ, വസ്തുവകകൾ വികൃതമാക്കൽ, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കൽ, മദ്യവിതരണം, സമ്മാനങ്ങൾ നൽകൽ, ആയുധം പ്രദർശിപ്പിക്കൽ, വിദ്വേഷപ്രസംഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജിൽ മുഖേന കൂടുതലായി ലഭിച്ചത്. അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 93,540 പരാതികൾ ലഭിച്ചപ്പോൾ വസ്തുവകകൾ വികൃതമാക്കിയത് സംബന്ധിച്ച് 5,908 പരാതികൾ ഉണ്ടായി. നിർബന്ധിത വിവരങ്ങൾ രേഖപ്പെടുത്താത്ത പോസ്റ്ററുകൾ സംബന്ധിച്ച 2,150 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 177 പരാതികളും ലഭിച്ചു. പണവിതരണം(29), മദ്യവിതരണം(32), സമ്മാനങ്ങൾ നൽകൽ(24), ആയുധപ്രദർശനം(110), വിദ്വേഷപ്രസംഗം(19), സമയപരിധി കഴിഞ്ഞ് സ്പീക്കർ ഉപയോഗിക്കൽ(10) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജിൽ വഴി ലഭിച്ചു. പരാതികളിൽ വസ്തുതയില്ലെന്ന് കണ്ട് 1,663 പരാതികൾ തള്ളി.
Discussion about this post