ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉപയോഗിച്ചിരുന്ന ഐഫോൺ അൺലോക്ക് ചെയ്‌ത് നൽകില്ലെന്ന് ആപ്പിൾ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് ആക്‌സസ് നൽകാൻ ആപ്പിൾ വിസമ്മതിച്ചതായാണ് റിപ്പോർട്ട്. ഉപകരണത്തിൻ്റെ ഉടമ സജ്ജമാക്കിയ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന് ആപ്പിൾ അറിയിച്ചു.
ഇ.ഡി നടത്തിയ റെയ്‌ഡിനിടെ 70,000 രൂപയും സ്‌മാർട്ട്‌ഫോൺ ഉൾപ്പെടെ നാല് മൊബൈൽ ഫോണുകളും കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത കെജ്‌രിവാൾ പാസ്‌വേർഡ് നൽകാനും തയ്യാറായില്ല.
തന്റെ മൊബൈൽ ഫോൺ ഡാറ്റയും ചാറ്റുകളും ആക്‌സസ് ചെയ്യുന്നതിലൂടെ, എഎപിയുടെ തെരഞ്ഞെടുപ്പ് തന്ത്രവും സഖ്യ സമവാക്യങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇ.ഡിക്ക് ലഭിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു. ഇതാദ്യമായല്ല ഐ ഫോൺ അക്‌സസ് ചെയ്യാനുള്ള ആവശ്യം ആപ്പിൾ കമ്പനി നിരാകരിക്കുന്നത്. മുമ്പ് യു.എസ് സർക്കാറിനോട് പോലും വിവരങ്ങൾ നൽകാനാവില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയിരുന്നു.
Discussion about this post