ഡൽഹി: ബി.ജെ.പിയിൽ ചേരാൻ തന്നെ ഭീഷണിപ്പെടുത്തിയതായി ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ആതിഷി വെളിപ്പെടുത്തി.ഒന്നുകിൽ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ ബി.ജെ.പിയിൽ ചേരണം ഇല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ ഇ.ഡി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിതായി ആതിഷി വെളിപ്പെടുത്തി.ഡൽഹിയിൽ നടന്ന വാർത്തസമ്മേളനത്തിലാണ് അതിഷിയുടെ വെളിപ്പെടുത്തൽ.
തൻറെ അടുത്ത സുഹൃത്തു വഴിയാണ് ബി.ജെ.പി നേതാക്കൾ തന്നെ സമീപിച്ചത്.അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തന്നോടൊപ്പം സൗരഭ് ഭരദ്വാജ്. രാഘവ് ഛദ്ദ, ദുർഗേഷ് പഥക് എന്നീ നേതാക്കളെയും അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും അതിഷി പറഞ്ഞു. വൈകാതെ ഞങ്ങളുടെ വസതിയിൽ ഇ.ഡി റെയ്ഡ് ഉണ്ടാകുമെന്നും തുടർന്ന് തങ്ങളെ കസ്റ്റഡിയിൽ എടുക്കുമെന്നും അവർ വ്യക്തമാക്കി.
അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് ശേഷം എഎപി തകരുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഞായറാഴ്ച രാംലീല മൈതാനത്ത് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചത് കണ്ട് അവർ ഭയപ്പെട്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭീഷണിപ്പെടുത്തി തന്നെ ബി.ജെ.പിയിൽ ചേർക്കാമെന്ന് കരുതേണ്ടെന്നും ആതിഷി പറഞ്ഞു.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിൽ ആതിഷിക്കും സൗരഭ് ഭരദ്വാജിനും കേസിൽ ബന്ധമുള്ളതായി കെജ്‌രിവാൾ പറഞ്ഞതായി ഇ.ഡി തിങ്കളാഴ്ച കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. വിജയ് നായർ തന്റെ പക്കലല്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആതിഷിയുമായും സൗരഭ് ഭരദ്വാജിനും മുമ്പാകെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിജയ് നായരുമായി തനിക്കുള്ള ബന്ധം പരിമിതമാണെന്നും കെജ്‌രിവാൾ പറഞ്ഞതായി ഇ.ഡി വ്യക്തമാക്കിയിരുന്നു.100 കോടിയുടെ അഴിമതിക്കേസിൽ വിജയ് നായർ സൗത്ത് ഗ്രൂപ്പിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നാണ് ഇ.ഡിയുടെ കുറ്റപ്പത്രത്തിൽ പറയുന്നത്.