മുബൈയ്ക്ക് ഇന്ന് റോയൽ ചാലഞ്ച്

മുംബൈ: ജീവൻമരണ പോരാട്ടത്തിനു കച്ചമുറുക്കി അഞ്ചു തവണ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് ഇന്നു ഹോംഗ്രൗണ്ടിൽ ഇറങ്ങുന്നു. വാംഖഡെയിൽ രാത്രി 7.30നു ആരംഭിക്കുന്ന കളിയിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസാണ് മുംബൈയുടെ എതിരാളികൾ. പുതിയ ക്യാപ്റ്റനായതിനു ശേഷം ഹാർദിക് പാണ്ഡ്യ ആദ്യമായി വാംഖഡെയിൽ ടീമിനെ നയിക്കുന്ന മൽസരവും കൂടിയാണിത്.

കഴിഞ്ഞ രണ്ടു എവേ മൽസരങ്ങളിലും തോറ്റതിനാൽ സ്വന്തം കാണികൾക്കു മുന്നിൽ ഹാർദിക്കിനു എന്തു വില കൊടുത്തും വിജയിക്കേണ്ടതുണ്ട്. വലിയ വിമർശനങ്ങളാണ് കഴിഞ്ഞ രണ്ടു മൽസരങ്ങളിലും കാണികളുടെ ഭാഗത്തു നിന്നും ഹാർദിക്കിനു നേരിടേണ്ടി വന്നത്. ഈ പരിഹാസങ്ങളും അധിക്ഷേപങ്ങളുമെല്ലാം അവസാനിപ്പിക്കാൻ ഹാർദിക്കിനു റോയൽസിനെതിരേ ജയം അനിവാര്യമാണ്.

കണക്കുകളെടുത്താൽ റോയൽസിനെതിരേ മുംബൈയ്ക്കാണ് മുൻതൂക്കം. 15 മൽസരങ്ങളിൽ മുംബൈ ജയിച്ചപ്പോൾ റോയൽസിനു വിജയിക്കാനായത് 12 മൽസരങ്ങളിലാണ്. വാംഖഡെയിലെ കണക്കുകളെടുത്താലും മുംബൈയാണ് മുന്നിൽ.

അഞ്ചു മൽസരങ്ങളിൽ ഇവിടെ റോയൽസിനെ വീഴ്ത്താൻ മുംബൈയ്ക്കായിട്ടുണ്ട്. റോയൽസ് ജയിച്ചത് മൂന്നു മൽസങ്ങളിലുമാണ്. കഴിഞ്ഞ സീസണിൽ ഇവിടെ 212 റൺസെന്ന കൂറ്റൻ ടോട്ടൽ റോയൽസ് പടുത്തുയർത്തിയിട്ടും മുംബൈ ഇതു വിജയകരമായി ചേസ് ചെയ്യുകയായിരുന്നു.

കളിച്ച രണ്ടു മൽസരങ്ങളിലും തോറ്റ മുംബൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്. രണ്ടിലും വിജയപ്രതീക്ഷ നൽകിയ ശേഷമാണ മുംബൈ പരാജയത്തിലേക്കു വീണത്. ആദ്യ കളിയിൽ ഗുജറാത്ത് ടൈറ്റൻസിനോടു ആറു റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. രണ്ടാമത്തെ കളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദാണ് മുംബൈയെ വീഴ്ത്തിയത്. 31 റൺസിന്റെ തോൽവിയാണ് ഹാർദിക്കും സംഘവുമേറ്റുവാങ്ങിയത്.

അതേസമയം, രണ്ടു തുടർ ജയങ്ങളുമായി പോയിന്റ് പട്ടികയിൽ റോയൽസ് മൂന്നാംസ്ഥാനത്തുണ്ട്. മുംബൈയെ മറികടക്കാനായാൽ ആറു പോയിന്റോടെ റോയൽസ് തലപ്പത്തേക്കു കയറും. ആദ്യ കളിയിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 20 റൺസിന് തോൽപ്പിച്ചാണ് റോയൽസ് തുടങ്ങിയത്. രണ്ടാമത്തെ മൽസരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 12 റൺസിനും റോയൽസ് മറികടക്കുകയായിരുന്നു.

Exit mobile version