തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് ഇ.ഡി. നോട്ടീസ് അയച്ചു. ബുധനാഴ്ച ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപെട്ടിരിക്കുന്നത്. രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് നേരത്തെ സി.പി.എം. പ്രാദേശിക ഭാരവാഹികളായ അനൂപ് ഡേവിസ്കാട്, മധു അമ്പലപുരം നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ എം.എം. വർഗീസിനെ ഇ.ഡി. വിളിപ്പിച്ചിരിക്കുന്നത്. നേരത്തെയും എം.എം. വർഗീസിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
കരുവന്നൂരിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ട് എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. അതോടൊപ്പം തൃശ്ശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഇതിന്റെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനും ആർബിഐ ഉൾപ്പെടെയുള്ളവർക്കും ഇ.ഡി. കൈമാറിയിട്ടുണ്ട്.