റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നൽകാനൊരുങ്ങി കേരളം സർക്കാർ. ഉടന്‍ അപ്പീല്‍ നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ശിക്ഷാവിധിയില്‍ പിഴവുണ്ടായെന്ന് ഡിജിപി പറഞ്ഞു. തെളിവുകള്‍ പരിഗണിക്കുന്നതില്‍ കോടതിക്ക് പിഴവ് പറ്റി. എത്രയും വേഗം അപ്പീല്‍ നല്‍കുമെന്നും ഡിജിപി പറഞ്ഞു. കാസര്‍കോട് എസ്പി, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരുടെ കത്ത് ലഭിച്ചാലുടന്‍ തുടര്‍നടപടിക്കൊരുങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.
കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു. കേസ് അന്വേഷണ സംഘത്തിനും പ്രോസ്‌ക്യൂഷനും വീഴ്ച പറ്റിയതായി കണ്ടെത്തലുണ്ടായിരുന്നു. വാദങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും വിധി പകര്‍പ്പില്‍ പറഞ്ഞിരുന്നു.
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പ്രതികള്‍ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിയ്ക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.