ചാണക്യ തന്ത്രം മെനയുന്ന അതിഷി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ ആയിട്ട് രണ്ടാഴ്ച പിന്നിടുന്നു. ജയിലിരുന്ന് കെജ്രിവാൾ ഡൽഹി ഭരിക്കുമ്പോൾ, ഒരു പക്ഷേ ബിജെപിയും കേന്ദ്രസർക്കാരും പ്രതീക്ഷിച്ചത് പോലെയുള്ള രാഷ്ട്രീയ പതനം സാധ്യമായില്ല എന്ന് വേണം മനസിലാക്കാൻ. കെജ്രിവാളിന്റെ അറസ്റ്റോടു കൂടി ആംആദ്മി തളർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതു സമൂഹ മധ്യത്തിലേക്ക് പാർട്ടിയെ ഉയർത്തിക്കൊണ്ട് ഉള്ള അതിഷി മാർലെനയുടെ രംഗ പ്രവേശം ജനാധിപത്യ പ്രതീക്ഷകൾക്ക് പുതുജീവനേകുന്നതായിരുന്നു.

ആംആദ്മിയിൽ കെജ്രിവാളിന് ഒപ്പം തന്നെ പോരാട്ട വീര്യം അവകാശപ്പെടാനാകുന്ന അതിഷി ധനം, റവന്യൂ, വിദ്യാഭ്യാസം ഉൾപ്പടെയുള്ള 18 വകുപ്പുകളുടെ ഉത്തരവാദിത്വം വഹിക്കുന്ന കെജ്രിവാൾ മന്ത്രിസഭയിലെ മന്ത്രിയാണ്. ബിജെപിയുടെ ലക്ഷ്യങ്ങൾ വളരെ നേരത്തെ തിരിച്ചറിയാനുള്ള രാഷ്ട്രീയ പാഠവം തന്നെയാണ് അതിഷിയെ മാറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ രാഷ്ട്രീയ ആയുധമായാണ് പ്രവർത്തിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രിയുടെ ഫോൺ വഴി ലോക്സഭ തെരഞ്ഞെടുപ്പിലെ എ.എ.പിയുടെ രാഷ്ട്രീയ ത ന്ത്രം മനസിലാക്കാനാണ് കേന്ദ്രത്തിന്റെ തന്ത്രമെന്നും ഉള്ള അവരുടെ ആരോപണം ഇതിനു ഉദാഹരണമാണ്.

ഏതാനും മാസങ്ങൾക്കു മുമ്പ് മാത്രം വാങ്ങിയതാണ് കെജ്രിവാളിന്റെ ഫോൺ. മദ്യനയം രൂപീകരിച്ച സമയത്ത് അദ്ദേഹം മറ്റൊരു ഫോണാണ് ഉപയോഗിച്ചിരുന്നത്. ആ നിലക്ക് ഇപ്പോൾ ഇ.ഡി കെജ്രിവാളിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരിക്കുന്നത് ബി.ജെ.പി അവരെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റി എന്നതിന്റെ തെളിവാണ്, കെജ്രിവാളിന്റെ ഫോണിൽ എന്താണ് ഉള്ളത് എന്ന് യഥാർഥത്തിൽ അറിയേണ്ടത് ഇ.ഡിക്കല്ല, ബി.ജെ.പിക്കാണ് എന്നാണ് അതിഷി വാർത്ത സമ്മേളനത്തിൽ ആരോപിച്ചത്.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് കൂടെ കെജ്രിവാളിനെ മാറ്റി നിർത്തി രാജ്യതലസ്ഥാനമായ ഡൽഹി പിടിച്ചെടുക്കാനുള്ള നീക്കമാണ് അറസ്റ്റ് എന്ന വിലയിരുത്തലിലാണ് ആപ്.

Exit mobile version