റിയാസ് മൗലവി വധക്കേസ്: ഏഴ് വർഷമായി ജയിലിൽ കഴിയുന്ന മൂന്ന് പ്രതികളെയും വെറുതെ വിട്ടു

കാസർകോഡ് റിയാസ് മൗലവി വധകേസിൽ പ്രതികളെ കാസർകോഡ് ജില്ല പ്രിൻസിപ്പൽ സെഷൻ കോടതി വെറുതെ വിട്ടു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴു വർഷക്കാലമായി ജയിലിൽ തന്നെയാണ്. പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാർച്ച് 20 നാണ് പ്രതികൾ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

2017 മാർച്ച് 20ന് പുലർച്ചെയാണ് കാസർകോഡ് പഴയ ചൂരിയിലെ മദ്രസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘർഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. പ്രതികൾക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ പ്രതീക്ഷ.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ വേളയിൽ 97 സാക്ഷികളെ വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലും കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ എ ശ്രീനിവാന്റെ നേതൃത്വത്തിൽ അന്നത്തെ ഇൻസ്പെക്ടർ പികെ സുധാകരന്റെ മേൽനോട്ടത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. 2019 ൽ കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചു. ഏഴ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വന്ന വിധിയിലാണ് പ്രതികളെ വെറുതെ വിട്ടു എന്ന വാർത്ത വരുന്നത്.

വേദനാജനകവുമായ വിധിയെന്നാണ് കേസിൽ ഹാജരായിരുന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി ഷുക്കൂർ പ്രതികരിച്ചത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വിചാരണ വേളയിൽ ഒരു സാക്ഷി പോലും കൂറ് മാറിയില്ല. എന്താണ് പറ്റിയത് എന്നറിയില്ല. വിധി പ്രസ്താവം പരിശോധിച്ചതിന് ശേഷം അപ്പീൽ പോകുമെന്ന് അഡ്വ സി ഷുക്കൂർ പറഞ്ഞു. കോടതിയുടെ കണ്ടെത്തൽ ദൗർഭാഗ്യകരമെന്നാണ് പ്രോസിക്യൂട്ടർ അഡ്വ ടി ഷാജിത്തും പ്രതികരിച്ചു.

Riyaz Maulavi murder case

Exit mobile version