ഗാസ: ഗാസ സിറ്റിയിൽ ഓടുന്ന കാറിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുഞ്ഞുങ്ങളടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ ഷുജയക്ക് സമീപമുള്ള സലാഹുദ്ദീൻ സ്ട്രീറ്റിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായതെന്ന് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ രണ്ട് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.അതിനിടെ, ഗാസ സിറ്റിയിലെ ഷുജയ്യക്ക് സമീപം പൊലീസ് സ്റ്റേഷന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഒരുപൊലീസ് ഉദ്യോഗസ്ഥനും 16 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.
ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇതിനകം കൊല്ലപ്പെട്ടവരുടെ എണ്ണം 32,623 ആയി. 75,092 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു.