ചെന്നൈ: പ്രശസ്ത തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു.48 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കോട്ടിവാക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുരസൈവാക്കത്തെ വസതിയിൽ അന്ത്യദർശനത്തിനു വെക്കും.കമൽഹാസൻ നായകനായ വേട്ടയാട് വിളയാടിലെ അമുദൻ, ധനുഷിന്റെ വട ചെന്നൈയിലെ തമ്പി എന്നീ വേഷങ്ങൾ ബാലാജിയെ സിനിമാ ലോകത്ത് ഏറെ പ്രശസ്തനാക്കിയിരുന്നു. തമിഴിനുപുറമെ മലയാളം, കന്നട, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
ഗൗതം മേനോൻ സംവിധാനം ചെയ്ത് സൂര്യ നായകനായഭിനയിച്ച ‘കാക്ക കാക്ക’യിലും മികച്ച കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം ബ്ലാക്ക്, ഡാഡി കൂൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മോഹൻ ലാൽ നായകനായ ഭഗവാനിലെ വില്ലനും ബാലാജി ആയിരുന്നു. വേറിട്ട വില്ലൻ വേഷങ്ങളിലാണ് ബാലാജി കൂടുതലും അഭ്രപാളികളിൽ തകർത്തഭിനയിച്ചത്.
കമൽ ഹാസന്റെ പൂർത്തിയാകാത്ത ‘മരുതനായകം’ എന്ന സിനിമയുടെ യൂനിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ മേഖലയിലേക്ക് കടക്കുന്നത്. പിന്നീട് അഭിനയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ടെലിവിഷൻ സീരിയലിലൂടെ അഭിനയജീവിതത്തിന് തുടക്കമിട്ട ബാലാജിയുടെ ആകസ്മിക നിര്യാണം തമിഴ് സിനിമാ ലോകത്തെ സങ്കടത്തിലാഴ്ത്തി.
ആദ്യമായി വേഷമിട്ട തമിഴിലെ സൂപ്പർ ഹിറ്റ് സീരിയലായ ചിത്തിയിലെ വേഷമാണ് അഭിനയലോകത്ത് അംഗീകാരവും ആദരവും നേടിക്കൊടുത്തത്. ചിത്തിയിലെ ഡാനിയേൽ എന്ന കഥാപാത്രത്തിന്റെ പേരിലാണ് ബാലാജി പിന്നീട് അറിയപ്പെട്ടത്. ‘ഏപ്രിൽ മാസത്തിൽ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ പ്രവേശം.