തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ കൊലപാതകം ഇനി സിബിഐ അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട രേഖകൾ കേരള സർക്കാർ സിബിഐയ്‌ക്ക് കൈമാറി. സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് രേഖകൾ പേഴ്‌സണൽ മന്ത്രാലയത്തിന് കൈമാറിയത്. കേസ് സിബിഐയ്‌ക്ക് കൈമാറാൻ താമസമുണ്ടായതിൽ കുടുംബമുൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് അടിയന്തര നീക്കം. സിബിഐക്ക് കൈമാറി കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഇറങ്ങിയത് ഈ മാസം 9ന് ആണെങ്കിലും ഇക്കാര്യം സിബിഐയെ അറിയിച്ചത് 16-നാണ്.
സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് കേസന്വേഷണം സിബിഐക്ക് കൈമാറിയത്. സിബിഐ അന്വേഷണത്തെ സർക്കാർ മനപൂർവ്വം വൈകിപ്പിക്കുകയാണെന്നും തെളിവുകൾ നശിപ്പിക്കാനാണ് ഇത്രയും വൈകിയതെന്നും സിദ്ധാർത്ഥന്റെ അച്ഛൻ ആരോപിച്ചിരുന്നു.കേസ് പരമാവധി വൈകിപ്പിച്ച് എസ്എഫ്‌ഐകാരായ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമം എന്നുൾപ്പെടെയുള്ള രൂക്ഷ വിമർശനങ്ങളാണ് പിതാവ് ഉയർത്തിയത്.
സംഭവത്തിൽ ആശങ്കയറിയിച്ച് കുടുംബം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും, സിബിഐ അന്വേഷണത്തിന് കാലതാമസം ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖറിനേയും പ്രതിപക്ഷ നേതാവ് വിഢി സതീഷനേയും സിദ്ധാർത്ഥിന്റെ പിതാവ് സന്ദർശിച്ചിരുന്നു.കേസിൽ അദ്ദേഹം സഹായിക്കുമെന്ന് ഉറപ്പാണെന്നും ഭരണപക്ഷത്തുള്ളവരെ വിശ്വാസമില്ലെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Discussion about this post