മുഖ്യമന്ത്രിക്കെതിരെ സിദ്ധാർത്ഥന്റെ പിതാവ്; താൻ ചതിക്കപ്പെട്ടോയെന്ന് സംശയം

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ അച്ഛൻ മുഖ്യമന്ത്രിക്കെതിരെ രംഗത്ത്. മുഖ്യമന്ത്രിക്ക് തൻ്റെ വാ മൂടിക്കെട്ടണമെന്നായിരുന്നു ആവശ്യമെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കുടുംബത്തിൻറെ വാ അടക്കേണ്ടത് അത്യാവശ്യമായിരുന്നു എന്നും സിദ്ധാർഥിന്റെ അച്ഛൻ ആരോപിക്കുന്നു. ആ ഒരാഴ്ച അവർക്ക് ധാരാളമായിരുന്നു. തനിക്ക് നീതി കിട്ടി എന്ന് താൻ തെറ്റിദ്ധരിച്ചു എന്നും അദ്ദേഹം പറഞ്ഞു. കേസിൽ പൊലീസ് അന്വേഷണം നിർത്തിയിരിക്കുകയാണ്. സി.ബി.ഐ അന്വേഷണം തുടങ്ങിയിട്ടുമില്ല. അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. പ്രതിപക്ഷ നേതാവ് സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും അച്ഛൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പിൽ സമരം നടത്തുമെന്ന നിലപാടിൽ നിന്ന് പിറകോട്ടില്ല. പെൺകുട്ടികളെയും പ്രതികളെയും ഡീനിനേയും അറസ്റ്റ് ചെയ്യണം. തത്കാലം മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാൻ ആലോചിക്കുന്നില്ല. മുഖ്യമന്ത്രി ഉറപ്പുതന്നിട്ടാണ് അന്ന് താൻ വിശ്വസിച്ചത്. അന്വേഷണം വഴിമുട്ടി എന്ന് പരാതി പറഞ്ഞിട്ടും ഭരണപക്ഷത്ത് നിന്ന് ആരും തന്നെ വിളിച്ചിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു എന്ന് പറയുന്നില്ല. എന്നാൽ താൻ ചതിക്കപ്പെട്ടു എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാർത്ഥൻറെ മരണത്തിൽ സിബിഐ അന്വേഷണം വൈകുകയാണ്. കഴിഞ്ഞ 9 ന് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് പതിനാറിന് കേന്ദ്രസർക്കാരിന് കൈമാറിയെങ്കിലും അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടില്ല. അതേസമയം വൈസ് ചാൻസിലർ സസ്പെൻഷൻ നടപടി പിൻവലിച്ച് കുറ്റവിമുക്തരാക്കിയ 33 പേരുടെയും സസ്പെൻഷൻ കാലാവധി നീട്ടി. കടുത്ത സമ്മർദ്ധത്തെ തുടർന്നാണ് വൈസ് ചാൻസിലർ രാജിവച്ചതെന്നാണ് സൂചന.

തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യയെന്ന സ്ഥിരീകരമാണ് സിദ്ധാർത്ഥന്റെ മരണത്തിൽ പൊലീസിനുള്ളത്. അടച്ചിട്ടകുളിമുറിയിൽ തൂങ്ങിയ നിലയിലാണ് സിദ്ധാർത്ഥനെ കണ്ടെത്തിയത്. മരണത്തിന് മുമ്പ് ക്രൂരമായ ആൾക്കൂട്ട വിചാരണയും മർദനവും നേരിടേണ്ടി വന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

Siddharth’s father against CM.

Exit mobile version