കേരളത്തിൽ ചൂട് ദിനം പ്രതി കൂടിവരുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. പല ജില്ലകളിലും പകൽ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്തത്ര ചൂടാണുള്ളത്. നിർജലീകരണം പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യം ശ്രദ്ധിക്കണം എന്നാണ് ആരോഗ്യവകുപ്പ് ഓർമ്മപ്പെടുത്തുന്നത്. നിലവിലെ സാഹചര്യത്തിൽ വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ അത് ആരോഗ്യത്തെ ചെറുതല്ലാത്ത രീതിയിൽ ബാധിക്കാം.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്ന അവസ്ഥയെ ആണ് നിർജലീകരണം എന്ന് വിശേഷിപ്പിക്കുന്നത്. നിർജലീകരണം സംഭവിച്ചാലും അതും തിരിച്ചറിയപ്പെടാതെ പോകാം എന്നുള്ളതാണ് കാര്യം. ഇത് കൂടുതൽ സങ്കീർണതയിലേക്കേ നയിക്കുകയും ചെയ്യും. നിർജലീകരണം സംഭവിച്ചാൽ അത് നാമറിയണം. നിർജലീകരണത്തിൻറെ ലക്ഷണങ്ങളെ കുറിച്ച് മനസിലാക്കുക എന്നതാണ് പ്രധാനം.
നിർജലീകരണത്തിൻറെ ആദ്യഘട്ടങ്ങളിൽ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. എന്നാൽ വായ വല്ലാതെ വരണ്ടുപോവുക, അമിതമായ ദാഹം എന്നിവയുണ്ടാകാം. ഇത് പക്ഷേ ഗൗരവമായി ആരും എടുക്കണമെന്നില്ല. തലവേദന, സ്കിൻ ഡ്രൈ ആകുക, മൂത്രം കുറവാവുക, തളർച്ച, തലകറക്കം, കൈകാലുകളിൽ വേദന എന്നിവയെല്ലാം നിർജലീകരണത്തിൻറെ ലക്ഷണങ്ങളായി കണക്കാക്കുന്നു.
നിർജലീകരണം മൂർച്ഛിക്കുമ്പോൾ അത് അത്യധികമായ ദാഹം, വായും നാവും അമിതമായി വരണ്ടുപോകുന്ന അവസ്ഥ, കടും മഞ്ഞ നിറത്തിലുള്ള മൂത്രം, മൂത്രം തീരെ പോകാതിരിക്കുന്ന അവസ്ഥ, കണ്ണുകൾ കുഴിഞ്ഞുപോകുന്ന അവസ്ഥ, അസ്വസ്ഥത, അധികമായ തളർച്ച, പെരുമാറ്റത്തിൽ തന്നെ വ്യത്യാസം എല്ലാം ഉണ്ടാകാം. പെട്ടെന്ന് തളർന്നുവീഴുക, ഓക്കാനം വരിക, നെഞ്ചിടിപ്പ് കൂടുകയെല്ലാം ഉണ്ടായാൽ ആദ്യം തണലത്തേക്ക് മാറുകയും പിന്നീട് വൈകാതെ തന്നെ ആശുപത്രിയിൽ പോവുകയും വേണം. സൂര്യാഘാതത്തിനുള്ള സാധ്യതയും ചൂട് ഉയരുമ്പോൾ വരാം. ഇതും ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്.
പകൽ 11 മണി മുതൽ വൈകീട്ട് 3 മണി വരെയുള്ള സമയമാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. ഈ സമയത്താണ് സൂര്യനിൽ നിന്നുള്ള ചൂട് കൂടുതലായി ഭൂമിയിൽ പതിക്കുന്നു. അതിനാൽ സൂര്യാഘാതത്തിനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്. ചൂട് കൂടുതലുള്ള സമയത്ത് അധികനേരം പുറത്ത് ചിലവിടാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക, ജലാംശമുള്ള പഴങ്ങളും പാനീയങ്ങളും കഴിക്കുക, ദാഹിച്ചാലും മധുരപാനീയങ്ങൾ ഒഴിവാക്കുക, ചായയും കാപ്പിയും പരിമിതപ്പെടുത്തുക എന്നിവയെല്ലാം നിർജലീകരണം തടയാൻ ചെയ്യാവുന്നതാണ്.
Extrema hot weather in Kerala; Things to watch out for!
Discussion about this post