ജയിലിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ സന്ദേശം. കെജ്‌രിവാൾ അയച്ച സന്ദേശം ഭാര്യ സുനിത കെജ്‍രിവാൾ മാധ്യമങ്ങൾക്കു മുമ്പിൽ വായിക്കുകയായിരുന്നു. അറസ്റ്റ് അപ്രതീക്ഷിതമല്ലെന്നും താൻ അറസ്റ്റിലാകുമെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ ജയിലിൽ അടച്ച് തന്നെ തോൽപ്പിക്കാൻ കഴിയില്ലെന്നും കത്തിൽ അരവിന്ദ് കെജ്‍രിവാൾ പറയുന്നു.
ബിജെപിയുടെ തന്ത്രങ്ങൾ ജനങ്ങൾ മനസ്സിലാക്കും. രാജ്യത്തെ ഉന്നതിയിലേയ്ക്ക് നയിക്കുന്നതിന് എല്ലാവരുടെയും പിന്തുണ തനിക്ക് ഉണ്ടാകും എന്ന് ഉറപ്പാണെന്നും താൻ അതിജീവിക്കുമെന്നും കെജ്‍രിവാൾ പറയുന്നു.
വളരെ വൈകാരികമായാണ് കെജ്‍രിവാളിൻറെ സന്ദേശം ഭാര്യ സുനിത ജനങ്ങളിൽ എത്തിച്ചത്. വേഗം പുറത്ത് വരും. രാജ്യത്തെ തകർക്കുന്ന നിരവധി ശക്തികളുണ്ടെന്നും ആ ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സന്ദേശത്തിൽ പറയുന്നു. അവയെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണം. ഡൽഹി ജനത വിശ്വാസം കൈവിടരുത്. ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്നും കെജ്‍രിവാൾ ഉറപ്പ് നൽകുന്നു. തനിക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും കെജ്‍രിവാൾ അഭ്യർത്ഥിച്ചു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത കെജ്‍രിവാളിനെ കോടതി ഇന്നലെ ആറ് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവിലുള്ളത്. ഇതേ കേസിൽ അറസ്റ്റിലായ, തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളായ കെ കവിതയും ഇഡി കസ്റ്റഡിയിലാണ്. കെജ്‌രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്.
Sunita Kejriwal reads Arvind Kejriwal’s message from jail.