ചെന്നൈ : ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായക സ്ഥാനത്ത് നിന്ന് എം.എസ്.ധോണിയ്ക്ക് പടിയിറക്കം. യുവതാരം ഋതുരാജ് ഗെയ്ക്വാദാണ് 17-ാം സീസണിൽ ടീമിനെ നയിക്കുന്നത്. ചെന്നൈയിൽ നടന്ന ഐപിഎൽ ടീം ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈയുടെ നായകനായി ഓപ്പണർ ഋതുരാജ് ഗയ്ക്വാദിനെ അവതരിപ്പിച്ചത്. 2008ൽ ഐപിഎൽ ആദ്യ സീസൺ മുതൽ ചെന്നൈ ടീമിനെ നയിക്കുന്നത് ധോണിയാണ്. 212 മത്സരങ്ങളിൽ ധോണി ചെന്നൈയെ നയിച്ചിട്ടുണ്ട്. ഇതിൽ 128 മത്സരങ്ങളിൽ ജയിക്കുകയും 82 മത്സരങ്ങൾ തോൽക്കുകയും ചെയ്തു.
2022ൽ സീസണിന്റെ തുടക്കത്തിൽ രവീന്ദ്ര ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയിരുന്നു എന്നാൽ തുടർച്ചയായ തോൽവിയോടെ ധോണിയെ ക്യാപ്റ്റനാക്കി. ”2024 ഐപിഎൽ സീസണിന്റെ തുടക്കത്തിന് മുന്നോടിയായി, എം.എസ്.ധോണി ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻസി ഋതുരാജ് ഗയ്ക്വാദിന് കൈമാറി. 2019 മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അവിഭാജ്യ ഘടകമായ ഋതുരാജ്, ഈ കാലയളവിൽ 52 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വരുന്ന സീസൺ ടീം പ്രതീക്ഷയോടെ കാണുന്നു” ടീം മാനേജ്‌മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
ധോണിയുടെ നായകത്വത്തിന് കീഴിൽ അഞ്ച് തവണയാണ് ചെന്നൈ ഐപിഎൽ കിരീടം നേടിയത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചാണ് ധോണിയും സംഘവും ചാംപ്യന്മാരായത്. വിവിധ ട്വന്റി20 ടൂർണമെന്റുകളിലായി സിഎസ്‌കെയുടെ ഏഴാം കിരീടമായിരുന്നു ഇത്.
2007ൽ ട്വന്റി20 ലോകകപ്പ്, 2011ൽ ഏകദിന ലോകകപ്പ്, 2013ൽ ചാംപ്യൻസ് ട്രോഫി എന്നിവ നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് ധോണിയാണ്. 2020 ഓഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഈ സീസണോടെ ധോണി ഐപിഎല്ലിൽനിന്ന് വിരമിക്കുമെന്നും അങ്ങനെയെങ്കിൽ ചെന്നൈ പുതിയ നായകനെ നിയമിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.