ഇഡി അറസ്റ്റ് – സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹര്‍ജി പിന്‍വലിച്ച് കേജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പിന്‍വലിച്ചു. വിചാരണ കോടതിയില്‍ കേജ്രിവാളിനെ ഹാജരാക്കാനിരിക്കെയാണ് അറസ്റ്റിനെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്. വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം.

കേജ്രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയാണ് ഹര്‍ജി പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മറ്റൊരു കേസില്‍ ഹാജരായതിനു പിന്നാലെയാണ് ഹര്‍ജി പിന്‍വലിക്കുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാനുള്ള അനുമതി സഞ്ജീവ് ഖന്ന നല്‍കി.

കെജ്രിവാളിനെ റിമാന്‍ഡ് ചെയ്യാനുള്ള ആവശ്യം വിചാരണ കോടതിയില്‍ ഇഡി ഉന്നയിക്കും. ആ ഹര്‍ജിയും സുപ്രീംകോടതിയിലെ ഹര്‍ജിയും പരിഗണിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രയാസം ഒഴിവാക്കാനാണ് ഹര്‍ജി പിന്‍വലിക്കുന്നതെന്ന് സിംഘ്വി കോടതില്‍ വ്യക്തമാക്കി. ഹര്‍ജി പിന്‍വലിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് ഉടന്‍ കൈമാറുമെന്നും സിംഘ്വി കോടതിയെ അറിയിച്ചു.

അതേസമയം മദ്യ നയക്കേസില്‍ നേരത്തെ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിത നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി അംഗീകരിച്ചില്ല. ജാമ്യത്തിനായി വിചാരണ കോടതിയിലേക്ക് പോകാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കെജ്രിവാളിന്റെ അപേക്ഷ പരിഗണിക്കുന്ന ബഞ്ചാണ് കവിതയുടെ അപേക്ഷയിലും വാദം കേട്ടത്. ഈ സാഹചര്യത്തില്‍ കൂടിയാണ് അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ചത്.

Exit mobile version