എസ്ബിഐ കൈമാറിയ ഇലക്ട്‌റൽ ബോണ്ട് സീരിയൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. ഏതൊക്കെ കമ്പനികൾ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾക്കാണ് പണം സംഭാവന നൽകിയതെന്ന വിവരങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നത്. സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. കമ്മീഷന്റെ വെബ്സൈറ്റിലാണ് ഇപ്പോൾ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ഇതുസംബന്ധിച്ച് നേരത്ത് എസ്ബിഐ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ”എസ്ബിഐ ഇപ്പോൾ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും പൂർണമായ അക്കൗണ്ട് നമ്പറുകളും കെവൈസി വിശദാംശങ്ങളും ഒഴികെ ഒരു വിശദാംശങ്ങളും വെളിപ്പെടുത്താതെ തടഞ്ഞിട്ടില്ലെന്നും ബഹുമാനപൂർവം സമർപ്പിക്കുന്നു,” എന്നാണ് പറഞ്ഞിരുന്നത്.
നേരത്തെ കമ്മീഷന് എസ്ബിഐ നൽകിയ വിവരങ്ങൾ പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ബാങ്കിന് താക്കീത് നൽകിയിരുന്നു. മാർച്ച് 21ന് വൈകീട്ട് അഞ്ചിന് മുമ്പായി വിവരങ്ങൾ നൽകണമെന്നായിരുന്നു കോടതിയുടെ ഒടുവിലത്തെ നിർദേശം. കോടതി പറഞ്ഞാലേ വിവരങ്ങൾ വെളിപ്പെടുത്തൂയെന്ന സമീപനം ശരിയല്ലെന്നും എസ്ബിഐയിൽനിന്നുള്ള വിവരങ്ങൾ ലഭിച്ചാലുടൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദാംശങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചിരുന്നു.
തുടർന്ന് ഏത് ബോണ്ട് ഏത് രാഷ്ട്രീയ പാർട്ടിക്കാണ് ലഭിച്ചതെന്ന് വ്യക്തമാക്കുന്ന ആൽഫ ന്യൂമറിക് കോഡുകൾ പുറത്തുവിടുന്നതില്‍ എതിർപ്പില്ലെന്നും ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറാമെന്നും എസ്ബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് എസ്ബിഐ ഇന്ന് വിവരങ്ങൾ സമർപ്പിച്ചത്.
ഭരണഘടനാ വിരുദ്ധവും പ്രത്യക്ഷത്തിൽ ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15ന് ആണ് സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയിരുന്നു. ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്നതിന് 2024 ജൂൺ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 4 ന് എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചു. മാർച്ച് 12-നകം എല്ലാ വിശദാംശങ്ങളും ഇസിയുമായി പങ്കിടാൻ എസ്ബിഐയോട് നിർദ്ദേശിച്ച കോടതി, മാർച്ച് 15 നകം ഇത് പ്രസിദ്ധീകരിക്കാൻ ഇസിയോട് ആവശ്യപ്പെട്ടു.
Election Commission (EC) uploads all electoral bonds data with donor-recipient link.