കെജ്‌രിവാളിന്റെ ജീവന് ഭീഷണി’; കുടുംബം വീട്ടുതടങ്കലിൽ; ആരോപണവുമായി എഎപി മന്ത്രിമാർ

അരവിന്ദ് കെജ്‌രിവാളിന്റെ ജീവന് ഭീഷണിയെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് രംഗത്ത്. കെജ്‌രിവാളിനെതിരെ തെളിവുകൾ ഹാജരാക്കാൻ ഇ ഡിക്ക് ആയിട്ടില്ലെന്നും കേന്ദ്രസർക്കാർ എല്ലാ അതിർ വരമ്പുകളും ലംഘിക്കുന്നുവെന്നും സൗരഭ് ഭരദ്വാജ് ആരോപിച്ചു. കെജ്‌രിവാളിനോട് ചെയ്യുന്നത് അനീതിയാണെന്നും പറഞ്ഞ അദ്ദേഹം അറസ്റ്റിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നും ആരോപിച്ചു. ഇപ്പോൾ നടക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിയെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും ആം ആദ്മി പാർട്ടി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അരവിന്ദ് കെജ്‌രിവാളിന്റെ കുടുംബം വീട്ടുതടങ്കലിലെന്ന് ദില്ലി മന്ത്രി ഗോപാൽ റായി ആരോപിച്ചു. കുടുംബത്തെ കാണുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ കാണാൻ എഎപി നേതാക്കളെ അനുവദിക്കുന്നില്ല. ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും എഎപി മന്ത്രി ഗോപാൽ റായ് ചോദിച്ചു.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷൻ വൈകുന്നേരം വരെ അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. ആം ആദ്മി ഓഫീസിനടുത്ത ITO മെട്രോ സ്റ്റേഷനാണ് അടച്ചത്. അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് പിന്നാലെ ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇ ഡി ആസ്ഥാനത്തും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ബിജെപി ആസ്ഥാനത്തിനും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

Arvind Kejriwal Arrest

Exit mobile version