ആർ എൽ വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തിന് സത്യഭാമയെ തള്ളി കലാമണ്ഡലം. സത്യഭാമ കലാമണ്ഡലത്തിലെ പൂർവവിദ്യാർഥി മാത്രമാണ്. ഇപ്പോൾ കലാമണ്ഡലവും സത്യഭാമയുമായി യാതൊരു ബന്ധവുമില്ല. ഇത്തരം ആളുകൾ കലാമണ്ഡലത്തിന് തന്നെ അപമാനമാണ്. സത്യഭാമയുടെ നിലപാടുകളിൽ അപലപിക്കുന്നുവെന്നും കലാമണ്ഡലം അധികൃതർ അറിയിച്ചു.
രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് മന്ത്രി സജി ചെറിയാൻ. കലാമണ്ഡലം എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കൂടെ ചേർക്കാൻ പോലും ഇത്തരം സങ്കുചിത ചിന്തകളും കൊണ്ട് നടക്കുന്നവർക്ക് യോഗ്യതയില്ല. നിറത്തോടുള്ള പരിഹാസം എന്നതിലുപരിയായി അന്തർലീനമായുള്ള ജാതിചിന്ത കൂടെയാണ് അവരുടെ വാക്കുകളിൽ നിന്നും വെളിവാകുന്നത്.
സത്യഭാമ പ്രസ്താവന പിൻവലിച്ച് ആർ.എൽ.വി രാമകൃഷ്ണനോടും സാംസ്‌കാരിക കേരളത്തോടും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മോഹിനിയാട്ടം ചെയ്യുന്നവർക്ക് സൗന്ദര്യം വേണമെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കലാമണ്ഡലം സത്യഭാമ ആവർത്തിച്ചു. സൗന്ദര്യം തീരെയില്ലാത്തവർ മോഹിനിയാട്ടത്തിലേക്ക് വരരുത്. വന്നാൽ തന്നെ പരിശീലിപ്പിക്കും പക്ഷേ മത്സരത്തിൽ പങ്കെടുപ്പിക്കില്ലെന്നും അധിക്ഷേപം ആവർത്തിച്ച് സത്യഭാമ പറഞ്ഞു.