കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർഥിനി ഡോ. ഷഹന ജീവനൊടുക്കിയ കേസിലെ പ്രതിയും സഹപാഠിയുമായ കരുനാഗപ്പള്ളി സ്വദേശി ഡോ. ഇ.എ. റുവൈസിന്റെ പി.ജി. പഠനം ഹൈക്കോടതി തടഞ്ഞു. റുവൈസിന് പഠനം തുടരാമെന്നുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. കോളേജിലെ അച്ചടക്കസമിതി വീണ്ടും ചേരാനും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
മാർച്ച് 14-നാണ് റുവൈസിന് പഠനം തുടരാൻ അനുമതി നൽകി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. റുവൈസിന്റെ പഠനം വിലക്കിയ ആരോഗ്യ സർവകലാശാലയുടെ ഉത്തരവും കോടതി സ്‌റ്റേ ചെയ്തിരുന്നു.
മെറിറ്റിൽ പ്രവേശനം നേടിയ റുവൈസിന് പഠനം തുടരാനായില്ലെങ്കിൽ പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാകുമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിലയിരുത്തൽ. ഒരാഴ്ചയ്ക്കകം പ്രവേശനം അനുവദിക്കാനും കോടതി കോളേജ് അധികൃതർക്ക് നിർദേശം നൽകിയിരുന്നു. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ കോളേജ് അധികൃതർ മുൻകരുതലെടുക്കണമെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. സസ്‌പെൻഷൻ പിൻവലിച്ച് പഠനം തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് റുവൈസ് നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
Discussion about this post