വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറിൽ നിന്നും കല്ല് തെറിച്ചുവീണ് മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം ഇന്ന്. വിഴിഞ്ഞം മുക്കോല സ്വദേശിയും നിംസ് കോളേജ് നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയുമായ അനന്തുവാണ് മരിച്ചത്. കോളേജിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം വീട്ടിൽ എത്തിച്ചു. 11 മണിക്കാണ് സംസ്കാരം.
കഴിഞ്ഞ ദിവസം രാവിലെ അദാനി തുറമുഖത്തേയ്ക്ക് കല്ലുകൊണ്ടുവന്ന ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണാണ് അപകടം ഉണ്ടായത്. അനന്തുവിന്റെ മരണത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് നടക്കുന്നത്. തുറമുഖത്തിനകത്തേക്കുള്ള പാതയിൽ കയറുകെട്ടി ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. വിഴിഞ്ഞം ഇൻ്റർനാഷ്നൽ പോർട്ട് പ്രൊട്ടക്ഷൻ കൗൺസിൽ എന്ന സംഘടനയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ ധർണ നടത്തിക്കൊണ്ടിരിക്കുകയാണ്. തുറുമുഖ നിർമ്മാണത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ടാണ് സമരം നടത്തുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ
പൊലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോർട്ട് നൽകണമന്ന് നിർദേശവും നൽകിയിട്ടുണ്ട്.
Discussion about this post