ആദ്യ ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 ആണ്. ആദ്യഘട്ട തിരഞ്ഞടുപ്പ് ഏപ്രിൽ 19ന് നടക്കും. ഒന്നാംഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക.
സൂക്ഷ്മ പരിശോധന മാർച്ച് 28 ന് നടക്കും. പത്രിക പിൻവലിക്കേണ്ട അവസാന തിയതി മാർച്ച് 30 ആണ്. 25000 രൂപയാണ് തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കുന്നതിനൊപ്പം സ്ഥാനാർത്ഥികൾ കെട്ടിവെക്കേണ്ട തുക. എസ് സി, എസ്ടി വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ 12500 രൂപ കെട്ടിവെച്ചാൽ മതി. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങൾ, രാജസ്ഥാനിലെ 12 മണ്ഡലങ്ങൾ, ഉത്തർപ്രദേശിൽ എട്ട്, മധ്യപ്രദേശിൽ ആറ്, അസ്സമിലും മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും അഞ്ച് വീതം മണ്ഡലങ്ങൾ, ബിഹാറിൽ നാല്, പശ്ചിമ ബംഗാളിൽ രണ്ട്, അരുണാചൽ, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ രണ്ട്, പുതുച്ചേരി, ലക്ഷദ്വീപ്, ജമ്മു കശ്മീർ, ആൻഡമാൻ നികോബാർ ദ്വീപുകൾ, ത്രിപുര, സിക്കിം, നാഗാലാന്റ്സ മിസോറാം, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓരോ മണ്ഡലത്തിൽ വീതവും ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കും.
ഏപ്രിൽ 26 നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തിൽ കേരളമടക്കം 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനാണ്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുക. നാലാംഘട്ടം വോട്ടെടുപ്പ് മെയ് 13നാണ്. 10 സ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20നാണ്. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നാണ്. ഏഴ് സംസ്ഥാനങ്ങളിലായി 57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. അവസാനഘട്ടം ജൂണ്‍ ഒന്നിനാണ്. ഏഴാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് ഫലം പുറത്തുവരിക.
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്ക്കും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍പ്രദേശ്, ഒഡീഷ എന്നി സംസ്ഥാന നിയമസഭകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശിൽ മെയ് 13നാണ് നിയസഭാ തിരഞ്ഞെടുപ്പ്. ഒഡീഷയിൽ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മെയ് 25നും ജൂൺ ഒന്നിനുമാണ് ഒഡീഷയിലെ നിയമസഭാ തിരഞ്ഞെടുപ്പ്. അരുണാചൽ പ്രദേശിലും സിക്കിമിലും ഏപ്രിൽ 19നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
Lok Sabha Elections: First Phase Nomination Submission From Today.
Discussion about this post