ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 51 സീറ്റിലേക്കും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എന്നാൽ സിറ്റിംഗ് എംപിയായ മേനക ഗാന്ധിയുടെയും മകൻ വരുൺ ഗാന്ധിയുടെയും പേരുകൾ എവിടെയും ഇടം നേടിയില്ല. അവസരത്തിനൊത്തു പ്രതിപക്ഷം കരുക്കൾ നീക്കിയതോടെ ഇരുവരുടെയും രാഷ്ട്രീയഭാവിയിൽ അനിശ്ചിതത്വമേറിയിരിക്കുകയാണ്.
നിലവിൽ ഉത്തർ പ്രദേശിലെ സുൽത്താൻപുരിലെയും പിലിബിതിലെയും എംപിമാരാണു മേനകയും വരുണും. ഈ മണ്ഡലങ്ങൾ ഉൾപ്പെടെ ഉത്തർപ്രദേശിലെ 24 ഇടങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
സുൽത്താൻപുരിൽ കഴിഞ്ഞ എട്ടുതവണ തുടർച്ചയായി മേനക വിജയക്കൊടി പാറിച്ചു. അതിനാൽ തന്നെ മേനകയ്ക്കു 9–ാം തവണയും അവസരം ലഭിക്കുമെന്നാണ് സൂചന. അതേസമയം വരുൺ ഗാന്ധിയെ തഴഞ്ഞേക്കുമെന്നാണു ബിജെപിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഒരുകാലത്ത് ബി.ജെ.പിയുടെ യുവനേതാക്കളിൽ പ്രധാനിയായിരുന്നു വരുൺ ഗാന്ധി. കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ നിരന്തരം വിമർശനമുയർത്തിയതോടെയാണ് വരുൺ ബി.ജെ.പിയുടെ കണ്ണിലെ കരടാകുന്നത്. ലംഖിപൂരിലെ കർഷക കൂട്ടക്കൊലയെ വരുൺ പരസ്യമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്നും വരുണിനെയും മേനകയെയും ഒഴിവാക്കിയിരുന്നു.
കഴിഞ്ഞ 5 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ബിജെപിക്കോ അനുകൂലമായി വരുൺ ഗാന്ധി പാർലമെന്റിലോ പുറത്തോ ഒന്നും പറഞ്ഞിട്ടില്ല . അതേസമയം, യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെ നിശിതമായി വിമർശിച്ച് പ്രതിപക്ഷത്തിന്റെ കയ്യടിയും നേടി. വരുണിനു പകരം യുപി മന്ത്രിയും പിലിബിതിലെ എംഎൽഎയുമായ ജിതിൻ പ്രസാദയെ മത്സരിപ്പിക്കാനാണു ബിജെപിയുടെ ആലോചന.
ബിജെപി ഇനി സ്ഥാനാർഥിയാക്കാനിടയില്ലെന്നു കണ്ട് മണ്ഡലത്തിൽ സ്വന്തമായി ബ്രിഗേഡ് ഉണ്ടാക്കി പ്രവർത്തിക്കുകയാണ് വരുൺ. സീറ്റ് നിഷേധിച്ചാൽ വരുൺ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത ഏറെയാണ്.
ഇന്ത്യ മുന്നണി പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി സമാജ്വാദി പാർട്ടി വരുണുമായി സഹകരിക്കുമെന്നാണു വിവരം. പിലിബിതിൽ സമാജ്വാദ് പാർട്ടിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ബിജെപിയുടെ നീക്കത്തിന് അനുസരിച്ചാകും പിലിബിതിൽ ഇന്ത്യാസഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. അമേഠി മണ്ഡലത്തിലും വരുണിന്റെ പേര് ഇന്ത്യാസഖ്യം പരിഗണിക്കുന്നുണ്ട്. വരുൺ അമേഠിയിൽ സ്വതന്ത്രനായി മത്സരിച്ചാൽ സമാജ്വാദി പാർട്ടിയും കോൺഗ്രസും പിന്തുണച്ചേക്കും. വരുണിനെ എസ്.പി ടിക്കറ്റിൽ മത്സരിപ്പിക്കുന്നതിൽ തൻ്റെ പാർട്ടി വിമുഖത കാണിക്കില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു.
ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടികയിൽ ഇതുവരെ 267 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും പല പ്രധാന സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തിൽ രണ്ടക്ക സീറ്റ് നേടുമെന്ന് അവകാശപ്പെടുന്നവർ വയനാട് കൊല്ലം എറണാകുളം ആലത്തൂർ ഉൾപ്പടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകിക്കുകയാണ്
ഒരുവശത്ത് ‘മിഷൻ സൗത്ത്’ എന്ന പേരിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ള പ്രമുഖരെ അണിനിരത്തി റാലികൾ ഉൾപ്പടെയുള്ള നടത്തി ദക്ഷിണേന്ത്യയിൽ ഇടം പിടിക്കാൻ ശ്രമിക്കുന്നു. അതേസമയം മറുവശത്ത് ലോക്സഭാ സ്ഥാനാർഥി പട്ടിക ഇന്ന് നാളെ എന്നൊക്കെ പറഞ്ഞങ്ങ് നീളുന്ന വിരോധാഭാസമാണ് ബിജെപിയിൽ നടക്കുന്നത്. ഏപ്രിൽ 19ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിൽ പോലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കുഴയുകയാണ് ബിജെപി.
Discussion about this post