മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർത്ഥി അബ്ദുൾ സലാമിനെ ഒഴിവാക്കി

പാ​ല​ക്കാ​ട്: തെ​ര​​​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി പാ​ല​ക്കാ​ട് നടത്തിയ പ്രധാന പരിപാടിയായ റോഡ് ഷോയിൽ നിന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥിയെ ഒഴിവാക്കി. മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥി ഡോ. എം. അബ്ദുൽ സലാമിനെയാണ് ഒഴിവാക്കിയത്.

മോദിയുടെ റോഡ് ഷോയിൽ പാലക്കാട്, പൊന്നാനി, മലപ്പുറം ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ് വന്നത്. എന്നാൽ, പാലക്കാട് സ്ഥാനാർഥി സി. കൃഷ്ണകുമാറും പൊന്നാനി അഡ്വ. നിവേദിത സുബ്രഹ്മണ്യനും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന വാഹനത്തിൽ സ്വീകരണം ഏറ്റുവാങ്ങി.

ക​ന​ത്ത സു​ര​ക്ഷ വ​ല​യ​ത്തിൽ പാലക്കാട് നഗരത്തിലെ അഞ്ച് വിളക്ക് ജങ്ഷൻ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയായിരുന്നു മോദിയുടെ റോഡ് ഷോ നടന്നത്. മു​ൻ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​അ​ബ്ദു​ൽ സ​ലാമിനെ കേരളത്തിലെ ഏ​ക മു​സ്‍ലിം സ്ഥാ​നാ​ർ​ഥി​യാ​യാണ് ബി.ജെ.പി അവതരിപ്പിച്ചത്.

അതേസമയം, വാഹനത്തിൽ സ്ഥലമില്ലാത്തത് കൊണ്ടാണ് മോദിക്കൊപ്പം വാഹനത്തിൽ കയറാതിരുന്നതെന്ന് ഡോ. അബ്ദുൽ സലാം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു. സമയമായപ്പോൾ വാഹനം നിറഞ്ഞുപോയി. പ്രധാനമന്ത്രിയെ നേരിൽകണ്ട് മലപ്പുറത്തേക്ക് ക്ഷണിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

 

 

Exit mobile version