ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേർന്ന് കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206 കോടി രൂപ കടമെടുക്കും. കേരളം എടുക്കുന്നത് 3742 കോടി രൂപയാണ്. ഒരാഴ്ച ഇത്രയും തുക കടപ്പത്രങ്ങൾവഴി കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ സമാഹരിക്കുന്നത് ഇത് ആദ്യമായാണ്. ഈ വർഷം ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ 39,000 കോടി രൂപ കടപ്പത്രങ്ങൾ വഴി സമാഹരിച്ചതാണ് ഇതുവരെയുള്ള ഏറ്റവും വലിയ തുക.
കടമെടുപ്പിൽ ഏറ്റവും കൂടുതൽ തുക സമാഹരിക്കുക ഉത്തർപ്രദേശാണ്- 8,000 കോടി രൂപ. തൊട്ടുപിന്നിൽ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവയാണ്. 6000 കോടി രൂപയാണ് ഈ സംസ്ഥാനങ്ങൾ കടമെടുക്കുന്നത്. നൂറു കോടി രൂപ കടമെടുക്കുന്ന ഗോവയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. കടമെടുക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ ഉള്ളതിനാൽ കടപ്പത്രം വാങ്ങുന്നവർക്ക് നേട്ടമുണ്ടാകും.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം 13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിന് കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിൽ 8,742 കോടിക്ക് അന്തിമ അനുമതി കിട്ടി. കഴിഞ്ഞ ആഴ്ച 5,000 കോടി കടമെടുക്കുകയും ചെയ്തു. ശേഷിക്കുന്ന 3742 കോടി രൂപയാണ് ഇന്ന് കടമെടുക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് ഈ കടമെടുപ്പ് ആശ്വാസമാകും.
ഊർജമേഖലയിൽ പരിഷ്‌കരണങ്ങൾ നടത്തുന്നതിന്റെ ഭാഗമായി 4864 കോടി രൂപ കടമെടുക്കാനുള്ള അനുമതി കേരളത്തിന് ഉടൻ ലഭിക്കും. ഈ സാമ്പത്തിക വർഷത്തിലെ അവസാന കടമെടുപ്പ് നടക്കുക അടുത്ത ചൊവ്വാഴ്ച്ചയാണ്. ഈ തുക അന്ന് സമാഹരിക്കും.
Discussion about this post