കർണാടക മുൻ മുഖ്യമന്ത്രി കോൺഗ്രെസ്സിലേക്കെന്ന് സൂചന

കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന മുതിർന്ന ബിജെപി നേതാവ് ഡി വി സദാനന്ദ ​ഗൗഡ പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേരുമെന്ന് സൂചന. ​ഗൗഡ മൈസുരുവിൽ‌ കോൺ​ഗ്രസിന്റെ സർപ്രൈസ് സ്ഥാനാ‍ർത്ഥിയായേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ബിജെപിയുടെ വൈസികെ വാദിയാർക്കെതിരെയാകും ​ഗൗഡ മത്സരിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

ബെം​ഗളുരു നോർത്തിൽ നിന്നുള്ള സിറ്റിങ് എംപിയാണ് സദാനന്ദ ​ഗൗഡ. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ മത്സരിക്കാൻ ബിജെപി ഗൗഡക്ക് അവസരം നൽകിയില്ല. അതിന് അദ്ദേഹത്തിന് അതൃപ്തിയുണ്ട്. ബെം​ഗളുരു നോർത്തിൽ കേന്ദ്രസഹമന്ത്രി ശോഭ ക‍രന്തലജെയാണ് ബിജെപി സ്ഥാനാർത്ഥി. വൊക്കലിഗ സമുദായത്തിൽ നിന്നുള്ള ഗൗഡ ഒന്നാം മോദി സർക്കാരിൽ റെയിൽവെ മന്ത്രിയും പിന്നീട് നിയമമന്ത്രിയുമായിരുന്നു. അടുത്ത കാലത്തായി എൻഡിഎയുടെ നിലപാടുകളെ എതിർത്ത് അദ്ദേഹം രംഗത്തെത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

മൈസുരുവിൽ വൊക്കലിഗ സമുദായത്തിൽ നിന്നുള്ള നേതാവിനായി കോൺഗ്രസ് ചർച്ചകൾ നടത്തുകയാണ്. ഡി കെ ശിവകുമാർ അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സദാനന്ദ ഗൌഡുയുമായി ചർച്ച നടത്തിയെന്നാണ് വിവരം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ട ഷെട്ടർ മാസങ്ങൾക്ക് മുമ്പ് തിരിച്ച് ബിജെപിയിലേക്ക് മടങ്ങി.

Former Chief Minister D.V. Sadananda Gowda to join congress?

Exit mobile version