വനിതാ പ്രീമിയർ ലീഗിന്റെ ഫൈനൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്‌സും ഇന്ന് കളത്തിലിറങ്ങും. ഫൈനലിസ്റ്റുകളായ ഇരുടീമുകളിലും മലയാളി സാന്നിധ്യമുണ്ടെന്ന പ്രത്യേകതയും ഉണ്ട്. ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിൽ വയനാട്ടുകാരി മിന്നുമണിയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ തിരുവനന്തപുരം സ്വദേശി ആശ ശോഭനയുമാണ് മലയാളി സാന്നിധ്യമായി ഉള്ളത്.
ഡൽഹി ക്യാപിറ്റൽസിന്റെ മലയാളി താരം മിന്നു മണിക്ക് ഇത് രണ്ടാം തവണയാണ് ഡബ്ല്യുപിഎൽ ഫൈനലിൽ കളിയ്ക്കാൻ ഇറങ്ങുന്നത്. ആദ്യ സീസണിലെ കലാശപ്പോരിലും മിന്നു മണി ക്യാപിറ്റൽസിന്റെ ആദ്യ ഇലവനിലുണ്ടായിരുന്നു. ഈ സീസണിൽ നാല് മത്സരങ്ങളിൽ മാത്രമാണ് മിന്നുവിന് അവസരം ലഭിച്ചത്. ഗുജറാത്ത് ജയന്റ്‌സിനെതിരായ അവസാന മത്സരത്തിൽ രണ്ട് ഓവറിൽ വെറും ഒൻപത് റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ മിന്നുമണി തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ച വെച്ചിരുന്നു.
മറുവശത്ത് റോയൽ ചലഞ്ചേഴ്‌സ് ബൗളിങ് ആക്രമണത്തിന്റെ വജ്രായുധമാണ് മലയാളി സ്പിന്നർ ആശ ശോഭന. വനിതാ പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന ബഹുമതിയും ഈ തിരുവനന്തപുരം പേരൂർക്കട സ്വദേശി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. യുപി വാരിയേഴ്‌സിനെതിരായ മത്സരത്തിലാണ് ശോഭന ആശ അഞ്ച് വിക്കറ്റ് വീഴ്ത്തി ആർസിബിയുടെ വിജയകാരണമായി മാറിയത്. റോയൽ ചലഞ്ചേഴ്‌സിന്റെ ഒൻപത് മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയ 33കാരി പത്ത് വിക്കറ്റാണ് ഇതുവരെ വീഴ്ത്തിയത്.
Minnu Mani vs Asha Shobhana; Malayalee players face off in Women’s Premier League.