കേരള സർവ്വകലാശാല കലോത്സവത്തിലെ വിധികർത്താവ് പി എൻ ഷാജിയുടെ ആത്മഹത്യയിൽ എസ്എഫ്‌ഐക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്എഫ്‌ഐ കൊടുംക്രൂരത കാരണമാണ് വീണ്ടും ഒരു മരണമുണ്ടായത്. സിദ്ധാർത്ഥന്റെ മരണം എസ്എഫ്‌ഐയുടെ കണ്ണുതുറപ്പിച്ചിട്ടില്ല. എസ്എഫ്‌ഐ വീണ്ടും കേരള സമൂഹത്തെ വെല്ലുവിളിക്കുകയാണെന്നും മുഖ്യമന്ത്രി ഒരുക്കിയ തണലിലാണ് എസ്എഫ്‌ഐ ക്രിമിനലുകൾ കേരളത്തിൽ അഴിഞ്ഞാടുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
എസ്എഫ്‌ഐക്കാർ പറഞ്ഞത് കേട്ടില്ല എന്നതിന്റെ പേരിൽ മുറിയിൽകൊണ്ടുപോയി ഷാജിയെ ക്രൂരമായി മർദ്ദിച്ചു. അദ്ദേഹം വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശരീരത്തിൽ മുറിവുകളുണ്ട്. 51 വയസ്സുള്ളയാളെയാണ് എസ്എഫ്‌ഐക്കാർ മർദ്ദിച്ചത്. ഇപ്പോൾ രക്ഷകർത്താക്കൾ ഇറങ്ങി കുട്ടികളെ രക്ഷിക്കേണ്ട സ്ഥിതിയാണ്. അപകടകരമായ നിലയിലേക്ക് എത്തി. കുഞ്ഞുങ്ങളെ കോളേജിലേക്ക് അയക്കാൻ ഭയമെന്ന് രക്ഷിതാക്കൾ ഫോണിൽ വിളിച്ച് ആശങ്ക പറഞ്ഞെന്നും വി ഡി സതീശൻ പറഞ്ഞു.
Discussion about this post