തിരുവനന്തപുരം: കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻറും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ പത്മിനി തോമസും കോൺഗ്രസ് വിടുന്നു. വ്യാഴാഴ്ച ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.കോൺഗ്രസ് നേതാവായിരുന്ന പത്മജ വേണുഗോപാലിൻറെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് പത്മിനി തോമസും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി പാർട്ടി വിടുന്നത്.
തിരുവനന്തപുരത്ത് പ്രമുഖ കോൺഗ്രസ് നേതാക്കാൾ ബിജെപി അംഗത്വമെടുക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താൻ ബിജെപിയിൽ ചേരുമെന്ന് പത്മിനി തോമസ് തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. അംഗത്വം സ്വീകരിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്ന് പത്മിനി പറഞ്ഞതായതാണ് ലഭിക്കുന്ന വിവരം.
കോൺഗ്രസ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ കെ കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരുൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് സ്പോർട്സ് കൗൺസിൽ പ്രസിഡൻറായിരുന്നു പത്മിനി. കെപിസിസി കായിക വേദിയുടെയും പ്രസിഡൻറായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിൻറെ മേയർ സ്ഥാനാർഥി ചർച്ചകളിൽ പോലും ഉയർന്ന് കേട്ട പേരാണ് പത്മിനി തോമസിൻറേത്.
1982ലെ ഏഷ്യൻ ഗെയിംസിലാണ് പത്മിനി മെഡലുകൾ നേടിയത്. 400 മീറ്ററിൽ വെങ്കലവും 4 x 400 മീറ്റർ റിലേയിൽ വെള്ളിയും നേടിയിട്ടുണ്ട്. അർജുന അവാർഡും ജിവി രാജ അവാർഡും ലഭിച്ചിട്ടുണ്ട്. റെയിൽവേ ടീമിൻറെ പരിശീലകയുമായിരുന്നു.
Discussion about this post