ന്യൂഡല്‍ഹി: കേരളത്തിനു 5,000 കോടി രൂപ നല്‍കാമെന്നു സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ 10,000 കോടിയെങ്കിലും വേണമെന്ന് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടു. വാദപ്രതിവാദത്തിനിടെ സുപ്രീം കോടതി പറഞ്ഞതുകൊണ്ടാണ് ഇത് സമ്മതിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധിയിലെ തുക ഉടന്‍ നല്‍കാമെന്നാണ് കേന്ദ്രം അറിയിച്ചത്.
സുപ്രീം കോടതിയില്‍ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അഭിഭാഷകര്‍ തമ്മില്‍ വലിയ വാദപ്രതിവാദം നടന്നു. മറ്റു സംസ്ഥാനങ്ങള്‍ക്കൊന്നും നല്‍കാത്ത ഇളവുകളാണ് കേരളത്തിനു നല്‍കുന്നത്. മറ്റുള്ളവരും ആവശ്യപ്പെട്ടെങ്കിലും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ആര്‍ക്കും ഒന്നും കൊടുത്തിട്ടില്ല. കേന്ദ്രം പറഞ്ഞു.
5,000 കോടി ഒന്നുമാകില്ലെന്നും 10,000 കോടിയെങ്കിലും കിട്ടണമെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. 5,000 കോടി വാങ്ങിക്കൂടേയെന്ന് കോടതി കേരളത്തോടു ചോദിച്ചു. എന്നാല്‍, ഈ തുക വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
21 ന് കേസില്‍ വിശദമായ വാദം കേള്‍ക്കും. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു തവണത്തേക്കു കൂടുതല്‍ വായ്പയെടുക്കാന്‍ കേരളത്തെ അനുവദിക്കണമെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കേരളത്തിന്റെ ആവശ്യം വിശാല മനസ്സോടെ പ്രത്യേക കേസായി പരിഗണിക്കാനാണ് ആവശ്യപ്പെട്ടത്. അടുത്ത സാമ്പത്തികവര്‍ഷം കര്‍ശന വ്യവസ്ഥകള്‍ സ്വീകരിക്കാമെന്നും വ്യക്തമാക്കി.