ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിഷേധിച്ച വിദ്യാർത്ഥികളെ ക്യാമ്പസിനകത്ത് കടന്ന് ദില്ലി പൊലീസ് അറസ്റ്റു ചെയ്തെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. എംഎസ്എഫിന്റെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പൊലീസ് എത്തി വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രതിഷേധിച്ചത്.
പ്രകോപനമില്ലാതെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നും ആരോപണമുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്.
പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയും വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചു. കോൺഗ്രസ്, ഇടത് പാർട്ടികൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ മുസ്ലിം ഗ്രൂപ്പുകളും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നിയമം നടപ്പാക്കിയത് വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. ഇലക്ടറൽ ബോണ്ട് അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ കൂടിയാണ് ഇപ്പോൾ സിഎഎ നപ്പാക്കിയത് എന്നും വിമർശനമുണ്ട്.
Discussion about this post