തിരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കും മുന്‍പേ തന്നെ കേരളത്തില്‍ അരങ്ങൊരുങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫും യുഡിഎഫും മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രചരണം ശക്തമാക്കി കഴിഞ്ഞു. ഏതാനം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചാല്‍ ചിത്രം പൂര്‍ണമാകും. 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ ഇടതു മുന്നണി പ്രഖ്യാപിപ്പോള്‍, സിപിഎം 15, സിപിഐ നാല്, കേരള കോണ്‍ഗ്രസ് എം ഒന്ന് എന്നിങ്ങനെയാണ് ഇടതുമുന്നണിയില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം. ഇത്തവണ ഇടതുമുന്നണിയില്‍ നാല് എംഎല്‍എമാരാണ് മത്സരരംഗത്തുള്ളത്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വി. ജോയ് നിലവില്‍ വര്‍ക്കല എംഎല്‍എയാണ്. തിരുവനന്തപുരം ജില്ലാ സെക്രട്ടറികൂടിയാണ് അദ്ദേഹം. കൊല്ലത്തെ സ്ഥാനാര്‍ത്ഥി മുകേഷ് കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ആലത്തൂരിലെ സ്ഥാനാര്‍ത്ഥിയായ മന്ത്രി കെ രാധാകൃഷ്ണന്‍ ചേലക്കര മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്ക് വിജയിച്ചത്.
സിപിഎമ്മിന്റെ അഭിമാനപോരാട്ടം നടക്കുന്ന വടകരയില്‍ മട്ടന്നൂര്‍ എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെകെ ശൈലജയെയാണ് ഇടതുപക്ഷം മത്സരംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമാകും വടകരയില്‍ നടക്കുക. കാരണം രണ്ട് സിറ്റിംഗ് എംഎല്‍മാരാണ് വടകരയില്‍ പോരാടുക. കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് വടകരയില്‍ യുഡിഎഫിനു വേണ്ടി പോരാട്ടം നടത്തുന്നത്. നിലവില്‍ പാലക്കാട് എംഎല്‍എയാണ് ഷാഫി പറമ്പില്‍.
ഇത്തവണ ഇതുവരെയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മത്സരരംഗത്തുള്ള സിറ്റംഗ് എംഎല്‍എമാരുടെ എണ്ണം പകുതിയില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ തവണ ഒമ്പത് സിറ്റിംഗ് എംഎല്‍എമാരെയാണ് രണ്ട് മുന്നണികളും ചേര്‍ന്ന് പോരിനിറക്കിയത്. ഇത്തവണ അത് അഞ്ചായിചുരുങ്ങി. 2019ലും സിപിഎം നാല് സിറ്റിംഗ് എംഎല്‍എമാരെ രംഗത്തിറക്കിയപ്പോള്‍ സിപിഐ രണ്ട് പേരെയും കോണ്‍ഗ്രസ് മൂന്ന് പേരെയും രംഗത്തിറക്കിയിരുന്നു.
Discussion about this post