കോഴിക്കോട്: പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കൊച്ചി സിറ്റി പൊലീസ് കമീഷണറായിരുന്ന കാലം മുതൽ കുടുംബവുമായി ബെഹ്റക്ക് ബന്ധമുണ്ട്. അന്ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നു. ആ ബന്ധം ബി.ജെ.പിക്കാർ ഉപയോഗിച്ച് കാണുമെന്നും മുരളീധരൻ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ബെഹ്റക്ക് നല്ല ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മജ ബി.ജെ.പിയിൽ പോകുന്നുവെന്ന് വാർത്താ ചാനലിൽ ബ്രേക്കിങ് ന്യൂസ് കണ്ടു. ഉടൻ തന്നെ പത്മജയെ വിളിച്ചെങ്കിലും കിട്ടിയില്ല. അപ്പോൾ തന്നെ തനിക്ക് സംശയം തോന്നി.പിന്നീട് ബി.ജെ.പിയിൽ പോകുന്നില്ലെന്ന ഫേസ്ബുക്ക് കണ്ടപ്പോഴും പത്മജയെ വിളിച്ചു എന്നാൽ കിട്ടിയില്ല. പിന്നീട് സംശയിച്ച പോലെ തന്നെ സംഭവിച്ചെന്നും മുരളീധരൻ വിശദീകരിച്ചു.
നേമത്ത് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടത് മുതൽ ബി.ജെ.പിക്ക് തന്നോട് പകയാണ്. പത്മജയെ പാളയത്തിൽ എത്തിച്ചത് വഴി ആ കണക്ക് തീർക്കാനാണ് ബി.ജെ.പിയുടെ ശ്രമം. മഅ്ദനിയെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കി നിർത്തിയാലും തങ്ങൾ മഅ്ദനിക്ക് വോട്ട് ചെയ്യുമെന്ന് അന്ന് ഒരു ബി.ജെ.പി നേതാവ് പരസ്യമായി പ്രസംഗിച്ചതാണ്. ബി.ജെ.പി പകയുള്ളത് കൊണ്ടാണ് ഇതുവരെ കേൾക്കാത്ത ഒരു കഥാപാത്രത്തെ വടകരയിൽ സ്ഥാനാർഥിയാക്കിയത്.അതെസമയം തൃശൂരിൽ പത്മജ പ്രചാരണത്തിന് ഇറങ്ങിയാൽ കോൺഗ്രസിന് ജോലി എളുപ്പമാകുമെന്നും കെ. മുരളീധരൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
Discussion about this post