കൊല്ലത്ത് വിദ്യാർത്ഥികളോട് സദാചാര ഗുണ്ടായിസം; രണ്ടു പേർ അറസ്റ്റിൽ

കൊല്ലം: ആയൂരിൽ കോളജ് വിദ്യാർഥികളോട് സദാചാര ഗുണ്ടായിസം. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. മീൻവിൽപന നടത്തുന്ന ആയൂർ സ്വദേശികളായ കുഴിയം നദീറ മൻസിൽ അൻവർ സാദത്ത്, മഞ്ഞപ്പാറ പുത്തൻവീട്ടിൽ ബൈജു എന്നിവരാണ് പിടിയിലായത്.

ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയ വിദ്യാർത്ഥികളെയാണ് പ്രതികൾ ആക്രമിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉൾപ്പെടെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായാണ് വിദ്യാർത്ഥികൾ ആയൂരിലെത്തിയത്. ജൻമദിനാഘോഷത്തിനു ശേഷമാണ് പെൺകുട്ടികൾ ഉൾപ്പെട്ട വിദ്യാർഥി സംഘം ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തി. ഈ സമയത്ത് പ്രദേശത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന പ്രതികൾ.വിദ്യാർഥികളെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത ആൺകുട്ടികളെ മർദ്ദിച്ചു.

വിദ്യാർത്ഥികളുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപെട്ടിരുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

Exit mobile version