പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്രം; പ്രഖ്യാപനം വനിതാദിനത്തിൽ

ന്യൂഡൽഹി: അന്താരാഷ്ട്ര വനിത ദിനത്തിൽ ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച വിവരം അറിയിച്ചത്. ഇത് രാജ്യത്തിലുടനീളമുള്ള ദശലക്ഷകണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറക്കുമെന്ന് മോദി പറഞ്ഞു. പ്രത്യേകിച്ച് ഈ തീരുമാനം സ്ത്രീകൾക്ക് പ്രയോജനമാകുമെന്നും മോദി കുറിച്ചു.

പാചക വാതകം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു.ഇത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ ‘ജീവിതം എളുപ്പം’ ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതക്ക് അനുസൃതമാണെന്നും മോദി പറഞ്ഞു.

അതേസമയം, ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള പാവപ്പെട്ട സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ സബ്‌സിഡിക്ക് 300 രൂപ വീതം ഏപ്രിൽ 1 മുതൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് നീട്ടുന്നതായി സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. നേരത്തെ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വീണ്ടും വർധിപ്പിച്ചിരുന്നു . 19 കിലോ ഗ്രാം സിലിണ്ടറിന്റെ വില 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില പുതിയ റെക്കോഡിലെത്തിയിരുന്നു.ഇതിന് മുമ്പ് ആഗസ്റ്റിലാണ് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയത്. അന്ന് സിലിണ്ടറൊന്നിന് 200 രൂപ കുറക്കുകയാണ് ചെയ്തത്.

 

 

Exit mobile version