മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാസുരേന്ദ്രബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചാനൽ ചർച്ചകളിൽ സജീവസാന്നിധ്യമായിരുന്ന ഭാസുരേന്ദ്രബാബു. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന്റെ മർദ്ദനത്തിന് ഇരയായിട്ടുണ്ട്.
നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിൽ കെ വേണു, ഫിലിപ്പ് എം പ്രസാദ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച ഭാസുരേന്ദ്ര ബാബു ചെറിയൊരു കാലയളവിൽ സിപിഐ(എംഎൽ) സംസ്ഥാന സെക്രട്ടറിയുടെ ചുമതയും വഹിച്ചു. 1980കളുടെ അവസാനം നക്സലൈറ്റ് മൂവ്മെൻ്റ് നടത്തിയ സാംസ്കാരിക ഇടപെടലിൻ്റെ ഭാഗമായി ഭാസുരേന്ദ്രബാബുവിൻ്റെ നേതൃത്വത്തിൽ രൂപമെടുത്ത പുസ്തക പ്രസാധക സംഘം കേരളത്തിലെ ബദൽ പുസ്തക പ്രസാധനത്തിൻ്റെ പുതിയൊരു തുടക്കമായിരുന്നു..
നക്സൽ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് ശാസ്തമംഗലം ക്യാമ്പിൽ പൊലീസ് മർദ്ദനത്തിന് ഇരയായി. നാല് വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ തടവ് അനുഭവിച്ചു. നിയമസഭയുടെ വിസിറ്റേഴ്‌സ് ഗാലറിയിൽ നിന്ന് വിപ്ലവാശയങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ വലിച്ചെറിഞ്ഞത് ഭാസുരേന്ദ്രബാബുവിൻ്റെ നേതൃത്വത്തിലായിരുന്നു. ഇതിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
എംഎൽ പ്രസ്ഥാനത്തിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് നക്സസൽ പ്രസ്ഥാനവുമായുള്ള ബന്ധം ഉപേക്ഷിച്ച അദ്ദേഹം പിൽക്കാലത്ത് സിപിഐഎമ്മുമായി അടുത്ത ബന്ധം പുലർത്തി.
ചാനൽ ചർച്ചകളിൽ സിപിഐഎം ഔദ്യോഗിക വിഭാഗത്തിൻ്റെ ശക്തനായ വക്താവെന്ന നിലയിൽ ഇടപെട്ടിരുന്നു. സെൻട്രൽ പ്രോവിഡൻ്റ് ഫണ്ട് ഉദ്യോഗസ്ഥനായിരുന്ന ഭാസുരേന്ദ്രബാബു സർവ്വീസിൽ നിന്നും വിരമിച്ചതിന് ശേഷം മാധ്യമ പ്രവർത്തന രംഗത്ത് സജീവമാകുകയായിരുന്നു. കൈരളി ചാനലിൽ അദ്ദേഹം അവതരിപ്പിച്ച ‘വർത്തമാനം’ പരിപാടി ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ-സാംസ്കാരിക നിരീക്ഷകൻ എന്ന നിലയിൽ ചാനൽ സംവാദങ്ങളിൽ ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഇടപെട്ടിരുന്നു.
നിരവധി ആനുകാലികങ്ങളിൽ സമകാലിക വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നു. മന്ദബുദ്ധികളുടെ മാർക്സിസ് സംവാദം, വിമോചന ദൈവശാസ്ത്രവും മാർക്സിസവും, നിത്യചൈതന്യ യതിക്ക് ഖേദപൂർവ്വം, മലയാളികളുടെ മാധ്യമലോകം, സദ്ദാം: അധിനിവേശവും ചെറുത്തുനിൽപ്പും, ഇടതുപക്ഷം ദേശീയാധികാരത്തിലേക്ക് തുടങ്ങിയ കൃതികൾ രചിച്ചു.
ഭാസുരേന്ദ്ര ബാബുവിന്റെ ജീവിതപങ്കാളി ഇന്ദിരയും നക്സൽ പ്രസ്ഥാനത്തിൽ ഭാസുരേന്ദ്രബാബുവിനൊപ്പം പ്രവർത്തിച്ചു. തനൂജ, ജീവൻ ബാബു എന്നിവർ മക്കളാണ്.
ഭാസുരേന്ദ്രബാബുവിൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പുരോഗമനപക്ഷത്ത് നിന്ന മാധ്യമപ്രവർത്തകനും മാധ്യമ വിമർശകനുമായിരുന്നു ഭാസുരേന്ദ്രബാബുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും മാധ്യമ സമീപനത്തെക്കുറിച്ചും ക്രിയാത്മകവും വിമർശനാത്മകവുമായ ഇടപെടൽ നടത്തിയ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ചു നിന്ന വ്യക്തിയായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിച്ചു.