ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവരുടെ യാത്ര സൗകര്യം കണക്കിലെടുത്താണ് കൊച്ചി മെട്രോ മാർച്ച് 8,9 തീയതികളിൽ സർവ്വീസ് ദീർഘിപ്പിക്കുന്നത്. ആലുവയിൽ നിന്നും തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നും മാർച്ച് എട്ട്,വെള്ളിയാഴ്ച്ച രാത്രി 11.30 വരെ മെട്രോ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.
രാത്രി 10.30 ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവ്വീസ്. മാർച്ച് 9 ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കും. പുലർച്ചെ 4.30 മുതൽ രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിൻ സർവ്വീസ്.
മഹാശിവരാത്രി ദിനത്തില്‍ കേരളത്തില്‍ ഏറ്റവുമധികം ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന പ്രധാന ശിവക്ഷേത്രങ്ങളിലൊന്നാണ് ആലുവ മഹാദേവ ക്ഷേത്രം. ബലിതർപ്പണത്തിന് എത്തുന്നവർക്ക് മാത്രമല്ല, അന്നേദിവസം നടക്കുന്ന യു.പി.എസ്.സി പരീക്ഷ എഴുതാൻ എത്തുന്നവർക്കും പുതുക്കിയ ട്രെയിൻ സമയക്രമം ഉപകാരപ്പെടുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.
Kochi metro has extended timing of its services on Saturday and Sunday.