ഈ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്ന ഒന്നാണ് തണ്ണിമത്തൻ. കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വിറ്റാമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുകളുമുണ്ട്. തണ്ണിമത്തനിൽ 95% വരെയും ജലാംശം ഉണ്ട് കുടിവെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ ഉത്തമമാണ്.
ഇവയ്ക്കൊപ്പം വിറ്റാമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും മിതമായ അളവിൽ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. പ്ലാന്റ് സംയുക്തമായ ലൈസോപീൻ ആണ് മറ്റൊരു പ്രധാന ഘടകം. ഇവ ധാരാളമായി തണ്ണിമത്തനിൽ കാണപ്പെടുന്നു. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നൽകുന്നത്.
എന്നാൽ അമിതമായാൽ ഇവയിലെ ലൈസോപീനും സിംപിൾ കാർബോഹൈഡ്രേറ്റും പ്രശ്നക്കാർ ആയി മാറും. അത് ദഹനക്കുറവിനും വയറു കമ്പിക്കലിനും വായുപ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം. പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ കിഡ്നി രോഗങ്ങളുള്ളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. പ്രമേഹരോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ തണ്ണിമത്തൻ കഴിക്കാവൂ.
Discussion about this post