ധരംശാല: വ്യാഴാഴ്ച ധരംശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിൽ പ്രത്യേകതകൾ ഏറെ. അഞ്ചാം ടെസ്റ്റ് മത്സരത്തിന് വ്യാഴാഴ്ച തുടക്കമാകുമ്പോൾ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ.അശ്വിന്റെയും ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോയുടെയും കരിയറിലെ 100ാം ടെസ്റ്റ് മത്സരം എന്ന നാഴിക്കകല്ലിലേക്ക് പ്രവേശിക്കുകയാണ്. 147 വർഷത്തിനിടെ 76 പേർ മാത്രം സ്വന്തമാക്കിയ നേട്ടം, ഒരു ദിവസം 2 പേർ ഒരുമിച്ച് സ്വന്തമാക്കുന്നു.
മാർച്ച് 7ന് നടക്കുന്ന അവസാന മത്സരത്തിൽ 2 താരങ്ങൾ ഒരുമിച്ച് കളിക്കുന്നത് ചരിത്രത്തിൽ നാലാം തവണയാണ്. പരമ്പര പിടിച്ചെടുത്ത ഇന്ത്യൻ നിരയിൽ ഏറെ ശ്രദ്ധേയമാകാൻ പോകുന്നത് അശ്വിനാണ്. 100 ടെസ്റ്റ് ക്ലബ്ബിൽ ഇടംനേടുന്ന പ്രായംകൂടിയ ഇന്ത്യക്കാരനെന്ന റെക്കോർഡിന് അരികിലാണ് അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന റെക്കോർഡ് ഈ പരമ്പരയിൽ സ്വന്തമാക്കിയതിന് പിന്നാലെയാണ് അശ്വിൻ മറ്റൊരു റെക്കോർഡിലേക്ക് ചുവടുവെക്കുന്നത്.
ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയെ പിന്നിലാക്കി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ടിനെ അടുത്ത മൂന്ന് മത്സരങ്ങളിലും ഇന്ത്യ അനായാസം വീഴ്ത്തിയാണ് പരമ്പര സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനം നിലനിർത്തുവാനും ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനം നേടാനും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
ഇംഗ്ലണ്ട് നിരയിൽ 100 ടെസ്റ്റുകൾ തികയ്ക്കുന്ന 17-ാമത്തെ ഇംഗ്ലീഷ് താരമാകാനാണ് ജോണി ബെയർസ്റ്റോ ഒരുങ്ങുന്നത്. 2012ൽ രെസ്റ്റിൽ ക്രിക്കറ്റിൽ അറങ്ങേറ്റം കുറിച്ച താരം 12 സെഞ്ചറികൾ അടക്കം 5974 റൺസ് നേടിയിട്ടുണ്ട്.