ഫേസ്ബുക്ക് ഇൻസ്റ്റാ തുടങ്ങിയ സോഷ്യൽമീഡിയ സൈറ്റുകളടക്കമുള്ള ഇന്റർനെറ്റ് പ്‌ളാറ്റ്‌ഫോമുകളിൽ എവിടത്തിരിഞ്ഞൊന്നു നോക്കിയാലും പ്രധാനമന്ത്രി മോദിജിയെ കാണാം. കേന്ദ്രസർക്കാർ പദ്ധതികളുടെ പരസ്യങ്ങളില്ലാത്ത സൈറ്റുകളില്ല. ഇതെന്താണിതെന്ന് അത്ഭുതപ്പെടേണ്ട. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പദ്ധതിയാണിത്. കോടികൾ വാരിയെറിഞ്ഞാണ് ബിജെപി ഗൂഗിളിൽ പരസ്യം നൽകുന്നത്. ലക്ഷ്യം ഇന്റർനെറ്റ് വോട്ടർമാർ മാത്രം.
കഴിഞ്ഞമാസം അതായത് ജനുവരി 29നും ഫെബ്രുവരി 29നും ഇടയിൽ ഇന്റർനെറ്റിൽ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി ചെലവാക്കിയത് 30 കോടിയോളം രൂപയാണ്. ഗൂഗിളിന്റെയും മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെയും വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂട്ടാനും കേന്ദ്ര സർക്കാർ പദ്ധതികൾക്കു പ്രചാരം നൽകാനുമായാണ് ഇത്രയും ഭീമമായ തുക ചെലവഴിച്ചത്. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരെയും മുന്നിൽകണ്ടും കോടികൾ മുടക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പി പരസ്യങ്ങളുടെ പ്രധാന ലക്ഷ്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായിരുന്നു.
ഗൂഗിൾ സെർച്ച്, യൂട്യൂബ് ഉൾപ്പെടെയുള്ള വിഡിയോ പ്ലാറ്റ്ഫോമുകൾ, വിവിധ ആപ്പുകൾ എന്നിവയിലൂടെയെല്ലാം വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കം നടത്തി. 12,600 പരസ്യങ്ങളാണു പ്രസിദ്ധീകരിച്ചത്. ഇതിൽ 75 ശതമാനവും വിഡിയോകളായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ചെലവാക്കിയതിന്റെ പതിന്മടങ്ങ് പണമാണ് ഇത്തവണ ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവിട്ടത്. 2019 തെരഞ്ഞെടുപ്പിനുമുൻപുള്ള നാലു മാസം ആകെ 12.3 കോടി രൂപ ചെലവിട്ടിടത്താണ് വെറും ഒരു മാസംകൊണ്ട് 30 കോടി രൂപ പൊടിച്ചത്.
കേരളം, തമിഴ്നാട്, തെലങ്കാന, കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ ഹിന്ദി ഹൃദയഭൂമിയിൽ തന്നെയാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണു കണക്കുകൾ. ഇതിൽ തന്നെ ബി.ജെ.പിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു പ്രധാന ശ്രദ്ധ നൽകിയിട്ടുള്ളത്. ഇതിനു പുറമെ ഡൽഹി, പഞ്ചാബ് ഉൾപ്പെടെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനങ്ങൾക്കായും ലക്ഷങ്ങൾ ചെലവാക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ തുക ചെലവിട്ടിരിക്കുന്നത് ഉത്തർപ്രദേശിലാണ്. 2.34 കോടി രൂപയാണ് യു.പിക്കായി ഒഴുക്കിയത്. തൊട്ടരികെ വരുന്നത് ബിഹാറും ഒഡിഷയും മഹാരാഷ്ട്രയും ഗുജറാത്തുമാണ്. (ബിഹാർ-1.87 കോടി, ഒഡിഷ-1.85, മഹാരാഷ്ട്ര-1.84, ഗുജറാത്ത്-1.83 എന്നിങ്ങനെയാണു കണക്കുകൾ. തൊട്ടുപിറകിലുള്ള മറ്റു സംസ്ഥാനങ്ങൾ ഇങ്ങനെയാണ്: മധ്യപ്രദേശ്(1.78 കോടി), ഡൽഹി(1.73), രാജസ്ഥാൻ(1.72) പഞ്ചാബ്(1.58), ഹരിയാന(1.57).)
2019 മുതൽ ഇതുവരെയായി ബി.ജെ.പി ആകെ 52,000 ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവാക്കിയത് 79.16 കോടി രൂപയാണ്. അവിടെയാണ് രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങുമ്പോൾ വെറും ഒരു മാസം കൊണ്ട് 30 കോടി പൊടിച്ചിരിക്കുന്നത്.
ബി.ജെ.പി വിഡിയോകളിലെ 50 ശതമാനവും പരസ്യനയം ലംഘിച്ചെന്നു കാണിച്ചു ഗൂഗിൾ നീക്കംചെയ്തിട്ടുണ്ടെന്നതാണു മറ്റൊരു ശ്രദ്ധേയമായ കാര്യം. രാഷ്ട്രീയ ഉള്ളടക്കങ്ങളുള്ള പരസ്യവുമായി ബന്ധപ്പെട്ട നയങ്ങൾ ലംഘിച്ചെന്നു മാത്രമാണ് ഗൂഗിൾ കാരണം പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പെടെയുള്ള രാഷ്ട്രീയ താൽപര്യങ്ങൾ മുന്നിൽനിർത്തിയുള്ള പരസ്യങ്ങളെ ഗൂഗിൾ കാര്യമായി പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ, ബി.ജെ.പി വിഡിയോകൾ നീക്കംചെയ്യാനുള്ള കാരണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
BJP is advertising on Google by spending crores
Discussion about this post