പുതിയ കാലഘട്ടത്തിലെ തൊഴില്‍ മേഖലകള്‍ക്കാവശ്യമായ വിഭവശേഷി നല്‍കാന്‍ കഴിയുന്ന രീതിയില്‍ എ പി ജെ അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയെ ലോകനിലവാരത്തിലേക്കുയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 50 ഏക്കറിലാണ് സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് നിലവില്‍ വരുന്നത്. ഇതോടെ സ്വന്തമായി ആസ്ഥാനമെന്ന സര്‍വകലാശാലയുടെ സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്.
2017 ലാണ് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തത്. സര്‍വ്വേ ജോലികള്‍ വേഗത്തില്‍ കൃത്യമായി പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള അന്തിമ വിജ്ഞാപനം 2021 ലാണ് പുറപ്പെടുവിക്കുന്നത്. 1135 ഉടമകള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 185 കോടി രൂപയാണ് ചെലവഴിച്ചത്. പ്രദേശത്തെ ജനങ്ങള്‍ നല്ലരീതിയില്‍ ഇതിനോട് സഹകരിച്ചതിലുള്ള പ്രത്യേകമായ നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ ബജറ്റില്‍ കെട്ടിട നിര്‍മാണത്തിനായി 71 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ എഴുനിലകളോട് കൂടിയുള്ള ഒരു ബ്ലോക്കാണ് ഇവിടെ നിര്‍മിക്കുന്നത്. അതില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം പരിസ്ഥിതിസൗഹൃദ മാതൃകകളും പിന്‍തുടരും. നമ്മുടെ സംസ്ഥാനത്തുള്ള 142 ഓളം എന്‍ജിനീയറിംഗ് കോളേജുകള്‍ ഈ സര്‍വകലാശാലയുടെ പരിധിയിലാണ്. അതുകൊണ്ടുതന്നെ വിശാലമായ ആസ്ഥാനം ഇതിനു വേണ്ടി വരും.
ആയിരം കോടിയിലധികം രൂപ ചെലവഴിച്ച് വിവിധ ഘട്ടങ്ങളിലായി ആസ്ഥാനമന്ദിരം ഉള്‍പ്പെടുന്ന സമ്പൂര്‍ണ്ണ ക്യാമ്പസ് യാഥാര്‍ത്ഥ്യമാകും. ഇതിന്റെ ഗ്യണഫലങ്ങള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍ ഉള്‍പ്പെടുന്ന മുഴുവന്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഭ്യമാകും. സര്‍വകലാശാല ആസ്ഥാനത്ത് 7 അധ്യാപന ഗവേഷണ സ്‌കൂളുകള്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിച്ചിട്ടുണ്ട്. കാര്‍ബണ്‍ ന്യൂട്രാലിറ്റി സെന്റര്‍ ഓഫ് എക്സലന്‍സ് ആരംഭിച്ച കണ്ണൂര്‍ ഗവണ്‍മെന്റ് കോളേജ്, ഹൈഡ്രജന്‍ ഹാക്കത്തോണില്‍ വിജയിച്ച മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ് എന്നിവര്‍ മാതൃകകളാണ്. 2040 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ മിഷന്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഊര്‍ജ്ജം പകരുന്നതാണ് ഈ പരിശ്രമങ്ങള്‍. ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ ഉന്നത പഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ എക്കോസിസ്റ്റം രൂപപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
നാലാം വ്യാവസായിക വിപ്ലവത്തിന്റെ സമകാലിക സാഹചര്യത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ക്ക് വ്യവസായങ്ങളിലും ഉല്‍പ്പാദനത്തിലും നിര്‍ണായക പങ്കാണ് വഹിക്കാനുള്ളത്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ലോകത്തുണ്ടാകുന്ന ആകെ തൊഴിലില്‍ 75 ശതമാനവും സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് മേഖലകളില്‍നിന്ന് ഉള്ളവരായിരിക്കും എന്നാണ് കണക്കാക്കിയിരിക്കുന്നത്. വിഭവശേഷിക്കൊപ്പം ശാസ്ത്ര സാങ്കേതിക രംഗത്തുള്ള അറിവുകളെ നാടിന്റെ പുരോഗതിക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ഇടപെടലുകളാണ് സംസ്ഥാന സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്നത്.
ആയിരം കോടി രൂപ മുതല്‍മുടക്കിലാണ് സംസ്ഥാനത്താകെ നാലു സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. രാജ്യത്തെ തന്നെ ആദ്യഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട് . ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളത്തിലാണ്. ലൈഫ് സയന്‍സ് പാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ പ്രവര്‍ത്തനമാരംഭിച്ചു. ബഹിരാകാശ ഗവേഷണം പ്രോല്‍സാഹിപ്പിക്കുന്നതിനായി കേരള സ്പേസ് പാര്‍ക്ക് അഥവാ കെ സ്പേസ് യഥാര്‍ത്ഥ്യമാകുകയാണ് ഇവയെല്ലാം കേരളത്തെ ഉന്നത വിദ്യാഭ്യാസത്തെയും ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിനാണ് ശ്രമിക്കുന്നത്. ഇലക്ട്രിക് വാഹന നിര്‍മാണം, ഐ ടി തുടങ്ങിയ കേരളത്തിനനുയോജ്യമായ വ്യവസായങ്ങള്‍ക്കും സംസ്ഥാനം പ്രോല്‍സാഹനം നല്‍കും.നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംവിധാനങ്ങളെ നാടിന്റെ നന്മക്കായി ഉപയോഗിക്കുന്ന സംസ്‌കാരം അതിനുതകുന്ന ബോധവല്‍ക്കരണം കൂടി നടത്താന്‍ നമുക്ക് കഴിയണമെന്ന ലക്ഷ്യത്തോടെയാണ് സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
EV – IT Promotion of industries. Science and Technology University will be raised to world standard says Pinarayi Vijayan
Discussion about this post