പ്രേമലു 14 തവണ കണ്ടു; ടോപ് ഫാൻ പാസ് നേടി ആരാധിക

തീയേറ്ററുകളിൽ തരംഗം സൃഷ്‌ടിച്ചു കൊണ്ടിരിക്കുകയാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’. ഇപ്പോഴും മിക്ക തിയേറ്ററുകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സിനിമ 14 തവണ കണ്ട ഒരു ആരാധിക ഉണ്ട്. കൊല്ലം സ്വദേശിയായ ആര്യ ആർ കുമാർ. ആര്യയ്ക്ക് ഗംഭീര സമ്മാനം നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഭാവന സ്റ്റുഡിയോസിന്റെ ഒഫിഷ്യൽ ഇൻസ്റ്റാഗ്രാം പേജ് വഴി പ്രേമലു തെലുങ്ക് റിലീസ് അനൗൺസ്‌ ചെയ്ത പോസ്റ്റിന് താഴെ ഇക്കാര്യം ആര്യ കമന്റ് ചെയ്തു. ഇതിന് പിന്നാലെ ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും തിയേറ്ററിൽ നിന്ന് പ്രേമലു കാണുവാനുള്ള സൗകര്യമൊരുക്കി പ്രേമലു ടോപ് ഫാൻ പാസ് അണിയറപ്രവർത്തകർ ഇവർക്ക് നൽകി. ഭാവന സ്റ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് പാസ് കൈമാറിയത്. പിന്നാലെ ‘താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും’ എന്ന കുറിപ്പോടെ പാസ് ലഭിച്ചതിന്റെ സന്തോഷം ആര്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ എത്തിയ സിനിമയിൽ നസ്‍ലെനും മമിതയുമാണ് നായകനും നായികയുമായെത്തുന്നത്. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത പ്രേമലു ഇതുവരെ കേരളത്തിൽ നിന്ന് മാത്രം 45 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. സിനിമ അടുത്ത ദിവസങ്ങളിൽ തന്നെ കേരളത്തിൽ നിന്ന് മാത്രം 50 കോടി കളക്ഷൻ സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

Exit mobile version