സുരേഷ്ഗോപിക്ക് കുറച്ചുകാലമായി കഷ്ടകാലമാണെന്ന് തോന്നുന്നു. തൊടുന്നതെല്ലാം വിവാദം. ഇപ്പോഴിതാ ലൂർദ് പള്ളിയിലെ മാതാവിനൊരു നേർച്ച കൊടുത്തത് പോലും പൊല്ലാപ്പായി. കിരീടം സമർപ്പിച്ച അന്നേ അതായത് ജനുവരി 15നേ മാതാവൊരു സൂചന നൽകിയിരുന്നു. മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന് സുരേഷ്ഗോപിയുടെ ഭാര്യ രാദിക സുരേഷ് നേർച്ച നേർന്നെന്നാണ് പറയപ്പെടുന്നത്. സുരേഷ്ഗാപിയും ഭാര്യയും മകളും വലിയൊരു ജനക്കൂട്ടവുമായി പള്ളിയിലെത്തി സ്വർണകിരീടം സമർപ്പിക്കവെ, കിരീടം ടപ്പേന്ന് താഴെ വീണു. മുകൾഭാഗം പൊട്ടി വേർപെട്ടു. പലരുമിതം ദുശ്ശകുനമായി വ്യാഖ്യാനിച്ചു. പക്ഷേ, ഗോപിയും ബിജെപി പ്രവർത്തകരും ശുഭാപ്തി വിശ്വാസത്തിലായിരുന്നു. തൃശ്യൂരിലെ ക്രിസ്ത്യാനികൾ പൊൻകിരീടത്തിൽ മഞ്ഞളിച്ച് വോട്ട് തരുമെന്നവർ പകൽകിനാവ് കണ്ടു.
മകളുടെ കല്യാണത്തിന് ഗുരുവായൂരിൽ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതോടെ എല്ലാരും ഉറപ്പിച്ചു. ‘തൃശൂരിന് ഒരു കേന്ദ്രമന്ത്രി മോദിയുടെ ഗാരന്റി’. അത് സുരേഷ് ഗോപി തന്നെ. അപ്പോ നാട്ടുകാർ ചോദിച്ചു. അതിന് തിരഞ്ഞെടുപ്പിൽ ജയിക്കേണ്ടെ എന്ന്. പുല്ലുപോലെ ജയിക്കുമെന്നായി ഗോപി. പറഞ്ഞ് തീരും മുമ്പെ കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണെന്ന ആരോപണം ഉയർന്നു. പൊൻകിരീടത്തിൽ ചെമ്പോ. എന്നാലൊന്ന് അറിയണമെന്ന് കരുതി നാട്ടുകാരും പള്ളിക്കമ്മിറ്റിക്കാരും കിരീടത്തിലെ സ്വര്‍ണത്തിന്റെ തൂക്കം അറിയാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി കിരീടത്തിലെ സ്വര്‍ണത്തിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കാനിരിക്കെ, സുരേഷ് ഗോപി പ്രതികരണവുമായി രംഗത്തെത്തി. നേർച്ചയാണ്ത. അതിലിങ്ങനെ കണക്ക് പറയേണ്ടതുണ്ടോ എന്നാണ് ഗോപിയദ്ദേഹം ചോദിക്കുന്നത്. നേർച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആൾക്കാർ എന്നെ നയിക്കുകയാണ്. കിരീടം പണിയാൻ കൊടുത്ത സ്വർണത്തിൽ പകുതിയും ശില്പി തിരിച്ചുനൽകി എന്നാണ് സുരേഷ് ഗോപി പറയുന്നത്. ഇതൊക്കെ വർഗീയതയാണെന്ന പല്ലവിയും പുള്ളി ആവർത്തിക്കുന്നത്. നിൽക്കക്കള്ളിയില്ലാതെ മാതാവിന് പുതിയൊരു വാഗ്ദാനവും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നൽകാമെന്നാണ് നേർച്ച. അത് ഉരച്ചു നോക്കാന്‍ വരേണ്ടെന്നും തങ്കമെന്ന് പ്രചരിപ്പിക്കുകയും വേണ്ടെന്ന് മുൻകൂർ ജാമ്യവും എടുത്തിട്ടുണ്ട്.
suresh gopi and his political moves