കോതമംഗലം: കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യിൽ നിന്നും ബലം പ്രയോഗിച്ച് പിടിച്ചെടുത്ത് പൊലീസ്. മരിച്ച വയോധികയുടെ സഹോദരനേയും മറ്റു ബന്ധുക്കളേയും മർദിച്ചാണ് മൃതദേഹം പൊലീസ് കൊണ്ടുപോയത്. മൃതദേഹം സൂക്ഷിച്ച ഫ്രീസർ റോഡിലൂടെ വലിച്ചുകൊണ്ടുപോയി പിന്നീട് ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എന്നാൽ കളക്ടറുമായി വിഷയം ചർച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ വൻ വിമർശനമാണ് കോൺഗ്രസും ബന്ധുക്കളും ഉയർത്തുന്നത്. SFIയെക്കാൾ ഭ്രാന്ത് പിടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.
ബന്ധുക്കളുടെ അനുവാദത്തോടെയും സാനിധ്യത്തിലുമാണ് കോതമംഗലത്ത് മൃതദേഹം റോഡിൽ വച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നായിരുന്നു ആവശ്യം. പിന്നീട് ജില്ലാ കളക്ടർ നേരിട്ട് സ്ഥലത്തെത്തി ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു. ഇതിന് കളക്ടർ തയ്യാറായില്ല. കളക്ടറെ സർക്കാർ തടയുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
റോഡിൽ ഷെഡ് കെട്ടിയാണ് മൃതദേഹം വച്ചിരുന്നത്. ഈ ഷെഡ് പൊളിച്ച പൊലീസ് പ്രവർത്തകരെ പിടിച്ചുമാറ്റിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ ഇവിടെ നിന്നും വലിച്ചുമാറ്റുകയായിരുന്നു. ഇതിനിടയിൽ മരിച്ച സ്ത്രീയുടെ ബന്ധുക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നാണ് ആരോപണം.
നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് ഞായറാഴ്ച രാവിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇൻക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോൾ തടഞ്ഞ കോൺഗ്രസ് നേതാക്കൾ മൃതദേഹവുമായി പ്രതിഷേധിക്കാൻ റോഡിലേക്ക് പോവുകയായിരുന്നു.
The body of an elderly woman who was killed in a katana attack was seized by the police using force